[] തിരുവനന്തപുരം: അടുത്തിടെ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെയാണ് ആന്റി പൈറസി സെല്‍ അറസ്റ്റ് ചെയ്തത്.
ദൃശ്യത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്ന് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് സംസ്ഥാന പോലീസ് മേധാവിക്കും ആന്റി പൈറസി സെല്ലിനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിദ്യാര്‍ത്ഥി ഉണ്ടാക്കിയ കേരള ട്യൂബ് എന്ന ഫേസ്ബുക് പേജില്‍ മൂന്ന് പേജുകളാക്കി പതിനയ്യായിരത്തോളം പേര്‍ക്കായി സിനിമ പങ്കുവെച്ചതായി ആന്റി പൈറസി സെല്‍ കണ്ടെത്തിയിരുന്നു.
ഐ.ടി ആക്ട്, പകര്‍പ്പാവകാശനിയമം എന്നിവ പ്രകാരമാണ് കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്റ് പോള്‍, ആന്റി പൈറസി സെല്‍ പോലീസ് സൂപ്രണ്ട് അക്ബര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കൊട്ടാരക്കര പോലീസിന്റെയും ഹൈടെക് സെല്ലിന്റെയും സഹകരണത്തോടെ നടത്തിയ റെയ്ഡിലാണ് വിദ്യാര്‍ത്ഥി പിടിയിലായത്.
എന്നാല്‍ താന്‍ ചെയ്ത കാര്യത്തിന്റെ ഗാരവമറിയാതെ ചെയ്തതാണെന്നും ആരില്‍ നിന്നും പ്രതിഫലം പറ്റിയിട്ടില്ലെന്നും വിദ്യാര്‍ത്ഥി പോലീസില്‍ മൊഴി നല്‍കി.
വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് പെന്‍ഡ്രൈവുകള്‍, എക്‌സ്റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്.