''ഇനി പശുക്കളെ അറക്കില്ല; ഗോഹത്യ നടത്തുന്നവരെ ബഹിഷ്‌ക്കരിക്കും''; മീററ്റില്‍ ഗ്രാമവാസികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിച്ച് യു.പി പൊലീസ്
national news
''ഇനി പശുക്കളെ അറക്കില്ല; ഗോഹത്യ നടത്തുന്നവരെ ബഹിഷ്‌ക്കരിക്കും''; മീററ്റില്‍ ഗ്രാമവാസികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിച്ച് യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th December 2018, 9:45 am

മീററ്റ്: ഗോഹത്യയ്‌ക്കെതിരെ നാട്ടുകാരെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് യു.പി പൊലീസ്. ഗ്രാമത്തിലെ ആളുകള്‍ക്കായി പ്രത്യേകമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ വെച്ചായിരുന്നു പൊലീസുകാര്‍ ഇവരെ കൊണ്ട് ഗോഹത്യയ്‌ക്കെതിരായ പ്രതിജ്ഞ ചൊല്ലിപ്പിച്ചത്.

പൊലീസുകാര്‍ തന്നെയായിരുന്നു പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. “”ഞങ്ങളുടെ ഗ്രാമത്തിലോ അടുത്തുള്ള ഗ്രാമത്തിലോ ഗോഹത്യ ഇനി അനുവദിക്കില്ലെന്ന് ഞങ്ങള്‍ ഇവിടെ പ്രതിജ്ഞ ചെയ്യുകയാണ്. ഇത്തരം നടപടികള്‍ ആരുടേയെങ്കിലും ഭാഗത്ത് നിന്നും ഉണ്ടാകുകയാണെങ്കില്‍ അവരെ ഒറ്റപ്പെടുത്തുകയും സാമൂഹ്യപരമായി ബഹിഷ്‌ക്കരിക്കുകയും ചെയ്യുന്നതായിരിക്കും. ഇവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ തന്നെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കും. ജയ് ഹിന്ദ് ജയ് ഭാരത് – “”എന്നായിരുന്നു പ്രതിജ്ഞ.


അംബേദ്കര്‍ ജീവിച്ചിരുന്നെങ്കില്‍ ബി.ജെ.പിയില്‍ ചേര്‍ന്നേനെ: യു.പിയിലെ പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍


സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയതെന്ന് മീററ്റ് എസ്.പി രാജേഷ് കുമാര്‍ പറഞ്ഞു. കിതോര്‍, മല്യാന തുടങ്ങിയ ഗ്രാമങ്ങളില്‍ ഗോഹത്യ ഇപ്പോഴും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഗ്രാമവാസികളുടെ നേതൃത്വത്തില്‍ തന്നെ ഇത്തരമൊരു പ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത്. ഇത് നല്ലൊരു തുടക്കമായാണ് കരുതുന്നത്- എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ബുലന്ദ്ശഹറില്‍ പശുവിനെ കൊന്നു എന്ന് ആരോപിച്ച് സംഘപരിവാര്‍ നേതൃത്വത്തില്‍ നടത്തിയ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കലാപം സംഘപരിവാറും വി.എച്ച്.പിയും മനപൂര്‍വം സൃഷ്ടിച്ചതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പൊലീസുദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ സൈനികനെയും കലാപത്തിന് നേതൃത്വം കൊടുത്ത വി.എച്ച്.പി ബജ്‌റംഗദള്‍ നേതാക്കളേയും പൊലീസ് പിടികൂടിയിരുന്നു.