രാമായണത്തെ പരിഹസിക്കുന്നു; ആദിപുരുഷ് സിനിമക്കെതിരെ കോടതിയില്‍ ഹരജി
national news
രാമായണത്തെ പരിഹസിക്കുന്നു; ആദിപുരുഷ് സിനിമക്കെതിരെ കോടതിയില്‍ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th June 2023, 8:38 pm

ന്യൂദല്‍ഹി: ഓം റൗട്ടിന്റെ ആദിപുരുഷ് സിനിമക്കെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി. ഹിന്ദു സമുദായത്തിന്റെ വികാരത്തെ വൃണപ്പെടുത്തി എന്നാരോപിച്ചാണ് കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. സിനിമ രാമായണത്തെ പരിഹസിക്കുന്നുവെന്നാണ് ഹരജിയില്‍ പറയുന്നത്.

ഹിന്ദുസേനയുടെ ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. രാമായണത്തെയും രാമനെയും തങ്ങളുടെ സംസ്‌കാരത്തെയും പരിഹസിക്കുന്ന ചിത്രം ഹിന്ദു സമുദായത്തിന്റെ വികാരത്തെ വൃണപ്പെടുത്തിയെന്നാണ് ഹരജിയില്‍ പറയുന്നത്.

‘ആദിപുരുഷ് എന്ന ഫീച്ചർ ഫിലിം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കരുത്. കഥാപാത്രങ്ങളെ/ വ്യക്തികളെ/ മോശമായി ചിത്രീകരിച്ചിട്ടുള്ള രംഗങ്ങൾ നീക്കം ചെയ്യണം. സിനിമ പൊതു ജനങ്ങൾക്കായി പ്രദർശിപ്പിക്കരുത്. കേസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു,’ എന്നാണ് വിഷ്ണു ഗുപ്ത ആവശ്യപ്പെട്ടിരിക്കുന്നത്.

ഹിന്ദു ദൈവങ്ങളായ രാമന്‍, സീത, ഹനുമാന്‍, രാവണന്‍ എന്നിവരുമായി ബന്ധപ്പെട്ട ആക്ഷേപകരമായ രംഗങ്ങള്‍ ഒഴിവാക്കാനോ തിരുത്താനോ നിര്‍ദേശം നല്‍കണമെന്നും  ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ചിത്രത്തില്‍ ദൈവങ്ങളെ ചിത്രീകരിച്ചിരിക്കുന്നത് കൃത്യമായ രീതിയിലല്ലെന്നും ഹരജിയില്‍ പറയുന്നു. വാല്‍മീകി എഴുതിയിട്ടുള്ള രാമായണത്തില്‍ നിന്നും വിരുദ്ധമായാണ് ചിത്രമെന്ന് ഹരജിയില്‍ ഉന്നയിക്കുന്നുണ്ട്.

ആദിപുരുഷില്‍ രാവണനെ അവതരിപ്പിച്ചിരിക്കുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. കഥാപാത്രത്തിന്റെ താടിയുള്ള രൂപത്തിനെതിരെയും ഹരജിയില്‍ എതിര്‍പ്പുയര്‍ത്തുന്നു. ഇത് ഹിന്ദു വികാരത്തെ വൃണപ്പെടുത്തിയെന്നാണ് പറയുന്നത്.

ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസ്, കൃതി സനണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാമായണം ആസ്പദമാക്കി ഒരുക്കിയ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

 

Content Highlight: Plea filed  against adipurush film in delhi highcourt