കോഴിക്കോട്: മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങള് നിര്ത്താന് ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചുകൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
പ്രവാചകനെതിരെയുള്ള ബി.ജെ.പി നേതാക്കളുടെ പരാമര്ശങ്ങളിലൂടെ ലോക രാജ്യങ്ങള്ക്കിടയില് ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആഗോളതലത്തില് ഇതിനെതിരെ വന് പ്രതിഷേധമാണ് ഉയര്ന്നുകൊണ്ടിരിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ തുടര്ന്നുണ്ടായ ലഹളയുടെ ഭാഗമായി മുസ്‌ലിം വിഭാഗത്തിനെതിരെ മാത്രം ഏകപക്ഷീയമായി പൊലീസ് കേസെടുത്തിരിക്കുകയാണ്. ലഹളക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നില് കൊണ്ട് വരുന്നില്ലെന്ന് മാത്രമല്ല കള്ളക്കേസില് കുടുക്കിയ മുസ്‌ലിങ്ങളുടെ വീടുകള് പൊളിച്ച് നീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇതൊക്കെ തികച്ചും അന്യായവും ജനാധിപത്യ വിരുദ്ധവുമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലഹളക്ക് കാരണക്കാരായവരെ നിയമത്തിനു മുന്നില് കൊണ്ട് വരാന് കേന്ദ്ര സര്ക്കാര് തയ്യാറാകണം. ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് വര്ധിച്ച് വന്നിട്ടുള്ള വെറുപ്പിന്റെ രാഷ്ട്രീയം ലോക രാജ്യങ്ങള് നിരീക്ഷിച്ച് വരുന്നുണ്ട്. രാജ്യത്ത് നടക്കുന്ന മുനഷ്യാവകാശ ധ്വംസനത്തിലും മതസ്വാതന്ത്ര്യങ്ങള് നിഷേധിക്കപ്പെടുന്നതിലും അമേരിക്ക ഉള്പ്പെടെയുള്ള രാജ്യങ്ങള് നേരത്തെ തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ജനാധിപത്യ മതേതര സൂചികയിലും രാജ്യം ഏറെ പിറകോട്ട് പോയതായി ആഗോള ഏജന്സികളുടെ കണക്കുകള് സൂചിപ്പിക്കുന്നുമുണ്ട്. 1991ലെ ആരാധനാലയ നിയമം നിലനില്ക്കേ വിവിധ മസ്ജിദുകള് കയ്യേറാന് ശ്രമിക്കുന്നതും മുസ്‌ലിം ന്യൂനപക്ഷങ്ങള്ക്കെതിരെ ബുള്ഡോസര് രാഷ്ട്രീയം പ്രയോഗിക്കുന്നതും ബി.ജെ.പി തുടരുന്ന വെറുപ്പിന്റെ സ്വഭാവമുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം വിമര്ശിച്ചു. ജനാധിപത്യ മതേതര മാര്ഗത്തിലൂടെയുള്ള പ്രതിഷേധവും, പോരാട്ടവുമാണ് ഇതിനെതിരെയുള്ള പ്രതിരോധ മാര്ഗം. മതേതര കക്ഷികള് ഒറ്റക്കെട്ടായി നിന്ന് ഈ പോരാട്ടം നയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
CONTENT HIGHLIGHTS: PK Kunhalikutty said that the BJP was proving that it did not want to stop trying to make political gains by spreading religious hatred by insulting the Prophet