Kerala
വീട്ടിലുള്ള പ്രായമായവരോടും ഇങ്ങനെയാണോ പെരുമാറുന്നത്; രാജ്യസഭാ സീറ്റ് വിവാദത്തില്‍ യുവ എം.എല്‍.എമാര്‍ക്കെതിരെ പി.ജെ കുര്യന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 04, 01:49 pm
Monday, 4th June 2018, 7:19 pm

തിരുവനന്തപുരം: കോണ്‍ഗ്രസിലെ രാജ്യസഭാ സീറ്റ് വിവാദത്തില്‍ പ്രതികരണവുമായി രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ജെ കുര്യന്‍. പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ചോദിച്ചിട്ടില്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും എനിക്ക് പൂര്‍ണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എം.എല്‍.എമാര്‍ എന്റെ മേല്‍ കുതിര കയറുന്നത്? അവര്‍ക്കു പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞ് ഇഷ്ടമുള്ളവര്‍ക്ക് സീറ്റ് കൊടുപ്പിക്കാമല്ലോ? ഞാന്‍ എന്തോ വലിയ തെറ്റ് ചെയ്തു എന്ന മട്ടില്‍ ഇവരൊക്കെ സംസാരിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല.”

ALSO READ:  എണ്ണ വില നിശ്ചയിക്കുന്ന രീതി പുനഃപരിശോധിക്കാനാവില്ല: പെട്രോളിയം മന്ത്രി

യുവനേതാക്കളുടെ പ്രതികരണം അസ്ഥാനത്തായിപ്പോയെന്നും വീട്ടിലുള്ള വൃദ്ധരോട് ഇവര്‍ ഇത്തരത്തില്‍ പെരുമാറുമോയെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ പി.ജെ. കുര്യന് പിന്തുണയുമായി വയലാര്‍ രവി രംഗത്തെത്തിയിരുന്നു. പി.ജെ കുര്യനെക്കുറിച്ച് അറിയാത്ത യുവ എം.എല്‍.എമാരാണ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെടുന്നത്. ഒരു ദിവസം കൊണ്ട് നേതാവായ ആളല്ല കുര്യന്‍. ചെറുപ്പക്കാര്‍ ഇങ്ങനെയല്ല അദ്ദേഹത്തെ കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


WATCH THIS VIDEO: