'യു.ഡി.എഫില്‍ എന്തും സഹിച്ച് നില്‍ക്കുമെന്ന് കരുതരുത്'; മുന്നറിയിപ്പുമായി ജോസഫ്; ഉന്നം എല്‍.ഡി.എഫിലേക്കോ?, ആശങ്കയില്‍ കോണ്‍ഗ്രസ്
Kerala News
'യു.ഡി.എഫില്‍ എന്തും സഹിച്ച് നില്‍ക്കുമെന്ന് കരുതരുത്'; മുന്നറിയിപ്പുമായി ജോസഫ്; ഉന്നം എല്‍.ഡി.എഫിലേക്കോ?, ആശങ്കയില്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th May 2020, 1:44 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് ധാരണകള്‍ പാലിക്കാത്തതില്‍ കടുത്ത അതൃപ്തി വ്യക്തമാക്കി പി.ജെ. ജോസഫ്. എന്തും സഹിച്ച് യു.ഡി.എഫില്‍ നില്‍ക്കുമെന്ന് കരുതരുത്. യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വം നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ഇത് പ്രകാരം അവസാന ആറ് മാസം ജോസഫ് വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം നല്‍കേണ്ടത്. എന്നാല്‍ ഈ ധാരണ പാലിക്കാന്‍ യു.ഡി.എഫ് തയ്യാറാകാത്തതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിക്കുന്നത്.

ധാരണ നടപ്പിലാക്കേണ്ട ദിവസം കഴിഞ്ഞിട്ട് 56 ദിവസം പിന്നിട്ടു. ഇനിയും ഇക്കാര്യത്തില്‍ തീരുമാനമാകാത്തതുകൊണ്ട് എന്തും സഹിച്ച് യു.ഡി.എഫില്‍ തുടരുമെന്ന് കരുതരുതെന്നാണ് ജോസഫ് വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. ധാരണകള്‍ പാലിക്കുന്നില്ലെങ്കില്‍ യു.ഡി.എഫ് യോഗങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനം. തന്റെ അതൃപ്തി പി.ജെ ജോസഫ് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു.

അതേസമയം, ജോസഫിന്റെ നീക്കത്തില്‍ കടുത്ത ആശങ്കയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. ജോസഫ് പുതിയ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ഇവര്‍.

കൊവിഡുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന കാര്‍ഷിക പ്രശ്‌നങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ ജോസഫ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി ഒറ്റയ്ക്ക് ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ കൊവിഡിന് പിന്നാലെ കേരളത്തില്‍ മുന്നണി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചന സി.പി.ഐ.എം നേതാവും മന്ത്രിയുമായ ഇ.പി ജയരാജനും നല്‍കിയിരുന്നു. വ്യക്തത വരുത്താതെയായിരുന്നു ജയരാജന്റെ പരാമര്‍ശമെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് ജോസഫിനെത്തന്നെയാണെന്നാണ് സൂചനകള്‍.

എന്തിനാണ് ഇടതുപക്ഷത്തെ എതിര്‍ക്കേണ്ടത് എന്ന ചിന്ത ഇതുവരെ ഇടത് വിരുദ്ധ മനോഭാവത്തോടുകൂടി നിന്നവരെയും പ്രവര്‍ത്തിച്ചവരെയും സ്വാധീനിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എതിര്‍ ചേരിയില്‍നിന്നിരുന്ന ജനങ്ങള്‍ മാറിവരികയാണ്. അത്തരമൊരു മാറ്റം സംഭവിക്കുമ്പോള്‍ സ്വാഭാവികമായും രാഷ്ട്രീയ പാര്‍ട്ടികളിലും അതിന്റെ മാറ്റമുണ്ടാകും എന്നാണ് ജയരാജന്‍ പറഞ്ഞത്. ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍പോലും ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. യു.ഡി.എഫില്‍ നില്‍ക്കുന്ന പാര്‍ട്ടികളിലും അതിന്റെ മാറ്റമുണ്ടാവുമെന്നും ജയരാജന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക