മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസില്‍ ഡി.ജി.പിയോട് വിശദീകരണം തേടിയെന്ന് മുഖ്യമന്ത്രി; സെന്‍കുമാറിനെ ഇപ്പോഴെങ്കിലും മനസ്സിലായല്ലോ എന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി
Kerala News
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസില്‍ ഡി.ജി.പിയോട് വിശദീകരണം തേടിയെന്ന് മുഖ്യമന്ത്രി; സെന്‍കുമാറിനെ ഇപ്പോഴെങ്കിലും മനസ്സിലായല്ലോ എന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd February 2020, 11:49 am

തിരുവനന്തപുരം: ടി.പി സെന്‍കുമാര്‍ നല്‍കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത സംഭവത്തില്‍ ഡി.ജി.പിയോട് വിശദീകരണം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മാധ്യമ പ്രവര്‍ത്തകരായ പി.ജി സുരേഷ് കുമാറിനും കടവില്‍ റഷീദിനും എതിരായ കേസ് അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു.
എം വിന്‍സെന്റ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ഇദ്ദേഹം. കള്ളക്കേസാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്തതെന്നാണ് വിന്‍സെന്റ് നിയമ സഭയില്‍ ചൂണ്ടിക്കാട്ടിയത്.

ഇതിനു മറുപടിയായി മാധ്യമങ്ങളിലൂടെയാണ് താനീ വാര്‍ത്ത അറിഞ്ഞതെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഷയത്തില്‍ ഡി.ജി.പിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അസാധാരണ നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു.
സെന്‍കുമാറിന്റെ പത്രസമ്മേളന സമയത്ത് ഇല്ലാതിരുന്ന പി.ജി സുരേഷ് കുമാറിനെതിരൊണ് ഗൂഡാലോചനയ്ക്ക് കേസെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

സെന്‍കുമാറിനെക്കുറിച്ച് ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് ബോധ്യമുണ്ടായല്ലോ എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രതിപക്ഷ ആരോപണത്തെ പരിഹസിച്ചു കൊണ്ട് പറഞ്ഞു.

ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസാണ് മാധ്യമപ്രവര്‍ത്തകരായ പി.ജി സുരേഷ് കുമാറിനെതിരെയും, കടവില്‍ റഷീദിനെതിരെയും കേസെടുത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി 16ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്തസമ്മേളനത്തിനിടെ തന്നെ തടസ്സപ്പെടുത്തിയെന്നും അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. പ്രതികള്‍ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സെന്‍കുമാറിന്റെ പരാതി. തിരുവനന്തപുരം സി.ജെ.എം കോടതിയുടെ അനുമതിയോടെയാണ് കേസ്.