കള്ളങ്ങള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താമെന്ന് വിചാരിക്കരുത്; തൃക്കാക്കരയിലെ ജനങ്ങള്‍ ഇതിനെല്ലാം മറുപടി പറയും: മുഖ്യമന്ത്രി
Kerala News
കള്ളങ്ങള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താമെന്ന് വിചാരിക്കരുത്; തൃക്കാക്കരയിലെ ജനങ്ങള്‍ ഇതിനെല്ലാം മറുപടി പറയും: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th May 2022, 7:50 pm

കൊച്ചി: തൃക്കാക്കര ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.

കെട്ടിച്ചമച്ച കള്ളങ്ങള്‍ പ്രചരിപ്പിച്ച് ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താമെന്ന് വിചാരിക്കണ്ടായെന്നും, തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ഇതിന് മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘യു.ഡി.എഫ് ഇതില്‍ നിന്നും പിറകോട്ട് പോകില്ല, അവര്‍ ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. 31ാം തീയതി പുലരും വരെ സമയമുണ്ടല്ലോ എന്നാണ് അവര്‍ ചിന്തിക്കുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റ് ചെയ്താല്‍ അതിനെ മൂടിവയ്ക്കാനും പ്രതിയെ രക്ഷപ്പെടുത്താനും ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ പ്രവണത ശരിയല്ലെന്നും തെറ്റ് ചെയ്തവരെ ഒരു നേതാവ് പോലും തള്ളിപ്പറയുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

‘ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ വാദി പ്രതിയാകുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. യാതൊരു സംശയവും വേണ്ട ശരിയായ രീതിയില്‍ തന്നെ അന്വേഷിക്കും ആ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിലര്‍ പിടിയിലായിട്ടുമുണ്ട്. ഇനി ആരൊക്കെ പ്രതിയാകുമെന്നും കണ്ടറിയാം,’ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതില്‍ യു.ഡി.എഫിന് ബന്ധമില്ലെന്ന് വ്യക്തമാക്കി വി.ഡി. സതീശന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

തൃക്കാക്കരയില്‍ ജയിക്കാന്‍ വ്യാജ വീഡിയോ ഇറക്കേണ്ടതില്ല. സ്ഥാനാര്‍ത്ഥിക്കെതിരെ മോശമായി യു.ഡി.എഫ് നേതാക്കളാരും ഒന്നും പറഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥിക്ക് മാത്രമല്ല ഞങ്ങള്‍ക്കും കുടുംബമുണ്ടെന്നും സതീശന്‍ പറഞ്ഞു.

എന്നെയും ഉമ്മന്‍ചാണ്ടിയെയുമെല്ലാം നേരത്തെ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതില്‍ പരാതി കൊടുത്തിട്ടും പൊലീസ് കേസ് എടുത്തില്ല. ഇപ്പോള്‍ കുളം കലക്കി മീന്‍പിടിക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്,’ സതീശന്‍ പറഞ്ഞു.

വീഡിയോ പ്രചരിപ്പിച്ചവരില്‍ സി.പി.ഐ.എമ്മുകാരുമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം നോക്കി കസ്റ്റഡിയിലെടുക്കുകയാണ്. വീഡിയോ ക്രിയേറ്റ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. വീഡിയോ ഷെയര്‍ ചെയ്തവരെ മാത്രമാണ് അറസ്റ്റ് ചെയ്യുന്നത്,’ വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനാണ് പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയും കെ.ടി.ഡി.സി ജീവനക്കാരനുമാണ് ഇയാളെന്ന് പോലീസ് അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആലത്തൂര്‍ പോലീസ് പിടികൂടിയ ഇയാളെ തൃക്കാക്കര പോലീസിന് കൈമാറും.

വ്യാജ വീഡിയോ പ്രചരണവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ ഫേസ്ബുക്കില്‍ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച അഞ്ച് പേരെകൂടി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

Content Highlights: Pinarayi Vijayan opposes spreading fake video against Joe Joseph