കാസര്‍ഗോഡ്: ആര്‍.എസ്.എസ്- ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ചര്‍ച്ചകൊണ്ട് മുസ്‌ലിം സമുദായത്തിന് ഒരു ഗുണവും ഇല്ലെന്നും കോണ്‍ഗ്രസ്- വെല്‍ഫെയര്‍- ലീഗ് സഖ്യത്തിന് ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയുമായി ബന്ധമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കാസര്‍ഗോഡ് കുമ്പളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടുകയാണ്. ഈ ഘട്ടത്തില്‍ ആര്‍.എസ്.എസ് അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നടപടിയെന്നും പിണറായി പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണ്. ഫെഡറല്‍ സംവിധാനങ്ങളേയും ഭരണഘടനാ മൂല്യങ്ങളെയും കേന്ദ്രം അട്ടിമറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയ വിഷയങ്ങള്‍ രാജ്യത്ത് ഇടക്കിടെ ഉണ്ടാകുന്നതില്‍ ദുരൂഹതയുണ്ട്. കേന്ദ്രത്തിന്റെ ഭരണത്തിന്റെ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനാണിത്. ഇത്തരം കാര്യങ്ങിളില്‍ സംഘപരിവാറും കേന്ദ്രവും ഒത്തുകളിക്കുകയാണെന്നും പിണറായി പറഞ്ഞു.
കേരളം ആകെ സാമ്പത്തികമായി തകര്‍ന്നെന്ന പ്രചരണമാണ് പ്രതിപക്ഷം നടത്തുന്നതെന്നും എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്രം കേരളത്തെ സാമ്പത്തികമായി പ്രയാസപ്പെടുത്തുകയാണ്. എന്നിട്ടും കേരളം അതിനെയെല്ലാം മറികടന്നാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ കേരളം ആകെ തകര്‍ന്നെന്ന പ്രചരണമാണ് പ്രതിപക്ഷം നടത്തുന്നത്. മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു. പക്ഷേ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളം മുന്നിലാണെന്ന് കാണാനാകും,’ മുഖ്യമന്ത്രി പറഞ്ഞു.