ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഒരേ സമയം മതേതര മൂല്യങ്ങള്‍ അവകാശപ്പെടുകയും എന്നാല്‍ സംഘപരിവാര്‍ നിലപാട് സ്വീകരിക്കുകയുമാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ അഞ്ചു പേരെ അറസ്റ്റു ചെയ്ത നടപടി തെറ്റാണെന്ന് മാത്രമല്ല, മതേതരത്വ മൂല്യങ്ങള്‍ക്ക് എതിരാണെന്നും പിണറായി പറഞ്ഞു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി വിജയന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
“പശു സംരക്ഷണത്തിന്റെ പേരില്‍ ഇത്തരം ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ മധ്യപ്രദേശ് ഭരിച്ചിരുന്നു ബി.ജെ.പി പോലും മുതിര്‍ന്നിരുന്നില്ല, പശുവിന്റെ പേരില്‍ ബി.ജെ.പിയോട് മത്സരിക്കുകയാണ് കോണ്‍ഗ്രസ്. പശുവിനെ കശാപ്പു ചെയ്യുന്നത് ആദ്യമായി നിരോധിച്ചത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞത് ദിഗ്വിജയ് സിങ്ങ് ആണ്. ശബരിമല വിഷയത്തിലും ഇതു തന്നെയാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതു തന്നെയാണ് അവരുടെ ഏറ്റവും വലിയ പരാജയം”- മുഖ്യമന്ത്രി പറയുന്നു.
Also Read പശുവിന്റെ പേരില്‍ മധ്യപ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചത് തെറ്റ്; പി. ചിദംബരം
ഇതു വരെ പശു സംരക്ഷണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ അഞ്ചു പേര്‍ക്കെതിരെ എന്‍.എസ്.എ (നാഷണല്‍ സെക്യൂരിറ്റി ആക്റ്റ്) ചുമത്തപ്പെട്ടിട്ടുണ്ട്. അനധികൃതമായി പശുക്കളെ കടത്തിയ രണ്ടു പേരെയും പശുവിനെ കശാപ്പു ചെയ്തതിന്റെ പേരില്‍ മൂന്നു പേര്‍ക്കെതിരെയുമാണ് മധ്യപ്രദേശില്‍ എന്‍.എസ്.എ ചുമത്തിയത്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പശു സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തു കൊണ്ടുള്ള പ്രചരണമായിരുന്നു കോണ്‍ഗ്രസിന്റേത്.
ബി.ജെ.പിയെ പുറത്താക്കാന്‍ തങ്ങള്‍ മതേതര മൂല്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്നും പിണറായി പറഞ്ഞു. ബി.ജെ.പിയെ നിലക്കു നിര്‍ത്താന്‍ ഇടതു പക്ഷത്തോടൊപ്പം നില്‍ക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ന്യൂനപക്ഷം മനസ്സിലാക്കുമെന്നും പിണറായി അഭിപ്രായപ്പെട്ടു.
ഇടതുപക്ഷത്തെ ഇനിയും അവഗണിക്കാന്‍ കഴിയില്ലെന്നും കൊല്‍ക്കത്തിയില്‍ ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയിലെ ജനപങ്കാളിത്തം ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചര്‍ത്തു.