കാസര്‍കോട്: ബി.ജെ.പിയുടെ കേരളത്തിലെ ഏക അക്കൗണ്ട് തങ്ങള്‍ പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മുട്ടുവിറക്കുന്ന നേതൃത്വമാണ് പ്രതിപക്ഷത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പി 5 കൊല്ലം മുമ്പ് നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും. ബി.ജെ.പിയുടെ വോട്ട് വിഹിതം താഴോട്ട് പോകും,’ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ കര്‍സേവക്ക് വെള്ളവും വെളിച്ചവും നല്‍കുന്നത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ദുരിതം പരിഹരിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്. ഇത് ആര്‍.എസ്.എസിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസിന്റെ വര്‍ഗീയതയെ പ്രതിരോധിക്കലും ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുന്ന ഉത്തരവാദിത്വവും കോണ്‍ഗ്രസ് നിറവേറ്റുന്നില്ല. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് എല്‍.ഡി.എഫിനെ ആക്രമിക്കാനാണ് വലിയ താല്‍പര്യം കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ അത് കേരളത്തില്‍ നടപ്പാക്കില്ല എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. മതം അടിസഥാനമാക്കി പൗരത്വം തീരുമാനിക്കുന്നത് ഭരണഘടനാവിരുദ്ധമാണ് എന്ന് തന്നെയാണ് നിലപാട്,’ അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക