Advertisement
national news
എനിക്ക് വേണ്ടി ഡാൻസ് കളിക്കുക അല്ലെങ്കിൽ സസ്‌പെൻഷൻ; ഹോളി ആഘോഷങ്ങൾക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തേജ് പ്രതാപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 16, 03:12 am
Sunday, 16th March 2025, 8:42 am

ന്യൂദൽഹി: ഹോളി ആഘോഷങ്ങൾക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ആർ.ജെ.ഡി നേതാവ് തേജ് പ്രതാപ് യാദവ്. തനിക്ക് വേണ്ടി നൃത്തം ചെയ്തില്ലെങ്കിൽ സസ്‌പെൻഡ് ചെയ്യുമെന്നായിരുന്നു ആർ.ജെ.ഡി നേതാവിന്റെ ഭീഷണി. സംഭവത്തിന്റെ വീഡിയോ വൈറൽ ആയതോടെ വലിയ വിമർശനം ഉയർന്നു.

മുൻ മന്ത്രിയും ആർ.ജെ.ഡി നേതാവും മുൻ ബീഹാർ മുഖ്യമന്ത്രിയായ ലാലു യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ് ശനിയാഴ്ച പട്‌നയിലെ വസതിയിൽ നടത്തിയ ഹോളി ആഘോഷങ്ങളുടെ വീഡിയോ ആണ് വൈറലായത്. ഹസൻപൂർ എം.എൽ.എയായ തേജ് പ്രതാപ് സുഹൃത്തുക്കൾക്കൊപ്പം സോഫയിൽ ഇരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

തൻ്റെ അംഗരക്ഷകരിലൊരാളായ കോൺസ്റ്റബിൾ ദീപക് കുമാറിനോട് ലൈംഗിക ചുവയുള്ള നൃത്തം ചെയ്യാൻ തേജ് പ്രതാപ് ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. ‘ഹലോ പൊലീസുകാരൻ ദീപക്, ഞങ്ങൾ ഒരു ഗാനം പ്ലേ ചെയ്യാൻ പോകുന്നു, അതിൽ നിങ്ങൾ ഒരു ‘തുംക’ ( ലൈംഗിക ചുവയുള്ള നൃത്തം) ചെയ്യണം. നിങ്ങൾ ചെയ്തില്ലെങ്കിൽ ഞാൻ നിന്നെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യും. ഇത് ഹോളി ആണ്. ഒന്നും കാര്യമാക്കേണ്ട,’ തേജ് പ്രതാപ് പറയുന്നു.

പിന്നാലെ തേജ് പ്രതാപ് ഒരു മ്യൂസിക്കൽ ബാൻഡിന്റെ അകമ്പടിയോടെ ഹോളി ഗാനം ആലപിക്കുന്നത് കേൾക്കാം. കോൺസ്റ്റബിൾ ‘തുംക’ ചെയ്തില്ല, പക്ഷേ കാലുകൾ ആട്ടി ചെറിയ രീതിയിൽ നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.

ജെ.ഡി.യു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് സംഭവത്തെ അപലപിച്ചു. ‘ജംഗിൾ രാജ് അവസാനിച്ചു, പക്ഷേ ലാലു യാദവിന്റെ രാജകുമാരൻ നൃത്തം ചെയ്യാനുള്ള നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പൊലീസുകാരനെ ഭീഷണിപ്പെടുത്തുകയാണ്. ബീഹാർ ഇപ്പോൾ മാറിയിരിക്കുന്നു. തേജസ്വി യാദവ് ആയാലും, തേജ് പ്രതാപ് യാദവ് ആയാലും, ലാലു യാദവിന്റെ കുടുംബാംഗങ്ങൾ ആയാലും മാറിക്കൊണ്ടിരിക്കുന്ന ഈ ബീഹാറിന്റെ അന്തരീക്ഷത്തിൽ ഇത്തരം പ്രവൃത്തികൾക്ക് സ്ഥാനമില്ലെന്ന് അവർ മനസിലാക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Perform ‘thumka’ or face suspension, Tej Pratap tells policeman during Holi celebration