കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അധിക്ഷേപവുമായി ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്.
വെള്ള സാരിയും ഹാവായ് ചെരിപ്പും ഇട്ട് ബംഗാളിലെ ജനങ്ങളെ മമത പറ്റിക്കുകയായിരുന്നെന്ന് ഘോഷ് ആരോപിച്ചു. ബംഗാളിലെ ജനങ്ങള്‍ക്കാവശ്യം വെള്ള സാരിയല്ലെന്നും മറിച്ച് വെള്ളത്താടിയാണെന്നും ഘോഷ് അവകാശപ്പെട്ടു.
‘വെള്ളസാരിയും ഹവായ് സ്ലിപ്പറുകളും കൊണ്ട് പശ്ചിമ ബംഗാളിലെ ജനങ്ങളെ വളരെക്കാലമായി വഞ്ചിച്ചു. അത് ഇനി നടക്കില്ല. അവര്‍ക്ക് ഇനി വെളുത്ത സാരി വേണ്ട, അവര്‍ക്ക് വേണ്ടത് വെളുത്ത താടിയാണ്, അത് സുവര്‍ണ ബംഗാള്‍ നിര്‍മ്മിക്കും,” ദിലീപ് ഘോഷ് പറഞ്ഞു.
നേരത്തെയും മമതയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ദിലീപ് ഘോഷ് രംഗത്തെത്തിയിരുന്നു. മമത എല്ലാവര്‍ക്കുമായി കാല് പ്രദര്‍ശിപ്പിച്ച് നടക്കുകയാണ് എന്നായിരുന്ന ഘോഷിന്റെ അധിക്ഷേപം.
”സാരി ധരിച്ചെങ്കിലും അവരുടെ ഒരു കാല് കാണുന്നുണ്ട്. ആരും ഇതുപോലെ സാരി ഉടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നിങ്ങളുടെ കാലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്തിനാണ് സാരി ഉടുക്കുന്നത്,ഒരു ജോടി ബര്‍മുഡ ധരിക്കുക, അങ്ങനെയാണെങ്കില്‍ എല്ലാവര്‍ക്കും ശരിക്കും കാണാന്‍ കഴിയും,” എന്നായിരുന്നു ദിലീപ് ഘോഷിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.
ഘോഷിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക