വില്ലേജ് ഓഫീസില്‍ ഇനിമുതല്‍ ചെരിപ്പിട്ട് തന്നെ കയറാം
Kerala News
വില്ലേജ് ഓഫീസില്‍ ഇനിമുതല്‍ ചെരിപ്പിട്ട് തന്നെ കയറാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2018, 2:20 pm

തിരുവനന്തപുരം: ഇനിമുതല്‍ വില്ലേജ് ഓഫീസുകളില്‍ ചെരിപ്പിട്ട് കയറാം. വില്ലേജ് ഒഫീസുകളിലേയ്ക്ക് കയറുമ്പോള്‍ ചെരിപ്പൂരേണ്ടത്തില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

സംസ്ഥാനത്തെ പല വില്ലേജ് ഓഫിസുകളിലും പാദരക്ഷകള്‍ പുറത്തുവയ്ക്കണമെന്ന ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു റവന്യുവകുപ്പിന്റെ വ്യത്യസ്തമായ ഉത്തരവ്.

പൊതുജനങ്ങള്‍ പാദരക്ഷകള്‍ ഊരിവച്ച് വില്ലേജ് ഓഫിസുകളില്‍ പ്രവേശിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും മേലാള കീഴാള മനസ്ഥിതി ഉളവാക്കുന്ന വ്യവസ്ഥയുമാണെന്നാണ് ഉത്തരവില്‍ വിശേഷിപ്പിക്കുന്നത്.

രണ്ടു മാസം മുമ്പാണ് ചെരിപ്പിടാമെന്ന സര്‍ക്കാര്‍ നിര്‍ദേശം വരുന്നത്. പാദരക്ഷകള്‍ പുറത്തിടുക എന്ന നിര്‍ദേശം പല വില്ലേജ് ഓഫിസുകളില്‍ നിന്നും എടുത്തുമാറ്റിയിട്ടുണ്ട്.


Read:  കനത്തമഴയെ തുടര്‍ന്ന് സ്‌കൂളിന് അവധിയുണ്ടോ എന്നറിയാന്‍ കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിളിച്ച ആള്‍ക്ക് പരിഹാസം


ഉദ്യോഗസ്ഥര്‍ക്കു മാത്രം ചെരിപ്പിട്ട് ഓഫിസില്‍ കയറാന്‍ കഴിയുന്നതിലെ ഇരട്ടത്താപ്പ് മുതല്‍ ചെരുപ്പുമോഷണം വരെ പരാതികളായി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു റവന്യൂ വകുപ്പിന്റെ ഉത്തരവ്.

വില്ലേജ് ഓഫിസുകളില്‍ പാദരക്ഷകള്‍ ധരിച്ച് പ്രവേശിക്കുന്നതിന് തടസം പറയുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അതിന്റെ ആവശ്യമില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരെ ബോധ്യപ്പെടുത്തേണ്ടതാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയെയോ ഗവര്‍ണറെയോ കാണാന്‍ പോലും ചെരുപ്പൂരിവയ്‌ക്കേണ്ടതില്ല. പിന്നെ വില്ലേജ് ഓഫിസര്‍മാരെ കാണാന്‍ എന്തിനു ചെരുപ്പൂരണമെന്നാണ് അദ്ദേഹത്തിന്റെ വാദം.