നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രഈലിൽ ജനം തെരുവിൽ
World News
നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രഈലിൽ ജനം തെരുവിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st April 2024, 8:28 am

ജെറുസലേം: മാസങ്ങൾ ആയിട്ടും ബന്ദികളെ തിരികെ എത്തിക്കാൻ സാധിക്കാത്തതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രഈലിൽ പ്രതിഷേധം തുടരുന്നു. നെതന്യാവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രഈലി തെരുവുകളിൽ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധിക്കുന്നത്.

ബന്ദിമോചന ശ്രമങ്ങൾ തടസം നിൽക്കുന്നത് നെതന്യാഹുവാണെന്നും അദ്ദേഹത്തെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. കരാറിന് തടസം നിൽക്കുന്നവരോട് ഇസ്രഈലിലെ ജനങ്ങൾ പൊറുക്കില്ല. നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ മറ്റു സെനറ്റ് അംഗങ്ങളുമായി ഒന്നിക്കണമെന്ന് നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളിയും യുദ്ധ കാബിനറ്റ് മന്ത്രിയുമായ ബെന്നി ഗ്രാന്റ്സ് ഉൾപ്പെടെയുള്ള മന്ത്രിമാരോട് ബന്ധികളുടെ കുടുംബങ്ങൾ അഭ്യർത്ഥിച്ചു.

തെൽ അവീവ്, ജെറുസലേം, സിസേറിയ, ഹൈഫ, ബിയർ ഷെവ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. തെൽ അവീവിൽ ബന്ദികളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ നഗരത്തിലെ റോഡ് ഉപരോധിച്ചു.

ശനിയാഴ്ച രാത്രി പ്രതിഷേധക്കാർ കപ്ലാൻ സ്ട്രീറ്റിലെ പ്രധാന റോഡുകൾ തടയാൻ ശ്രമിച്ചു. ഇവിടെ പ്രതിഷേധക്കാരും പൊലിസും ഏറ്റുമുട്ടി . നൂറുകണക്കിനാളുകൾ നെതന്യാഹുവിന്റെ വസതിക്ക് പുറത്ത് പ്രതിഷേധിച്ചു. തടവുകാരെ പുറത്തേക്ക് കൊണ്ടുവരാൻ ഹമാസുമായി കരാറിൽ എത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രാഈൽ പാർലമെന്റിനു മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ‘പീസ് നൗ’ സംഘടന പറഞ്ഞു.

Content Highlight: People are on the streets against Netanyahu for not returning the hostages