അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ബാഴ്സലോണയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ പെഡ്രി. ക്യാമ്പ് നൗവില്‍ മെസിക്കൊപ്പം കളിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു സ്പാനിഷ് മിഡ്ഫീല്‍ഡര്‍.
‘ബാഴ്‌സലോണയില്‍ ഞാന്‍ ആദ്യമായി എത്തിയപ്പോള്‍ ഡ്രസിങ് റൂമില്‍ കണ്ടത് ലയണല്‍ മെസിയെ ആയിരുന്നു,’ പെഡ്രി ബാഴ്സ യൂണിവേഴ്‌സലിലൂടെ പറഞ്ഞു.
അര്‍ജന്റീനന്‍ നായകനോടൊപ്പം ഉള്ള പരിശീലന അനുഭവങ്ങളെക്കുറിച്ചും പെഡ്രി പങ്കുവെച്ചു.
‘ലയണല്‍ മെസി ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്. പരിശീലന സമയങ്ങളില്‍ ഞാന്‍ എപ്പോഴും അദ്ദേഹത്തെ കാണുകയും മെസിയുമായി ധാരാളം സംസാരിക്കുകയും ചെയ്യാറുണ്ട്. പരിശീലന സമയങ്ങളില്‍ ഞാന്‍ അദ്ദേഹത്തെ എപ്പോഴും നോക്കിക്കൊണ്ടേയിരിക്കും,’ പെഡ്രി കൂട്ടിചേര്‍ത്തു.
Pedri: “Messi is the best player in history. I used to watch him training and say, ‘What am I doing here with him’. And I would stare at him all the time.” pic.twitter.com/ARVTl7kiqH
2020-21 സീസണിലാണ് പെഡ്രി സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കറ്റാലന്‍മാര്‍ക്കായി 120 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ സ്പാനിഷ് താരം 17 ഗോളുകളും ഒമ്പത് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. മെസിക്കൊപ്പം പെഡ്രി ഒരു സീസണില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.
അതേസമയം അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണയോടൊപ്പം ഒരു അവിസ്മരണീയമായ കരിയറാണ് കെട്ടിപ്പടുത്തുയര്‍ത്തിയത്. സ്പാനിഷ് വമ്പന്‍മാര്‍ക്കായി 778 മത്സരങ്ങളില്‍ നിന്നും 672 ഗോളുകളാണ് അക്കൗണ്ടിലാക്കിയിട്ടുള്ളത്.
മെസി ബാഴ്‌സലോണയോടൊപ്പമുഉള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ച് 2021ലാണ് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് ചേക്കേറുന്നത്. അവിടെ നിന്നും മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കും മെസി കൂടുമാറിയിരുന്നു.
നിലവില്‍ ലാ ലിഗയില്‍ 18 മത്സരങ്ങളില്‍ നിന്നും 11 വിജയവും 5 സമനിലയും രണ്ട് തോല്‍വിയും അടക്കം 38 പോയിന്റുമായി നാലാം സ്ഥാനത്താണ് ബാഴ്സലോണ.
സ്പാനിഷ് ലീഗില്‍ ജനുവരി അഞ്ചിന് ലാസ് പാല്‍മാസിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.