Advertisement
Entertainment
സിനിമ ചെയ്യണമെന്ന ഫയര്‍ എന്റെയുള്ളില്‍ ഉണ്ടാക്കിയ ചിത്രമായിരുന്നു അത്; ഞങ്ങള്‍ സമപ്രായക്കാര്‍: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 02, 02:28 am
Wednesday, 2nd April 2025, 7:58 am

ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമ ലോകത്തേക്കെത്തിയ വ്യക്തിയാണ് ബേസില്‍ ജോസഫ്. അദ്ദേഹത്തിന്റെ പ്രിയംവദ കാതരയാണോ, ഒരു തുണ്ടുപടം തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളെല്ലാം വലിയ ഹിറ്റായിരുന്നു. തിര എന്ന ചിത്രത്തിലേക്ക് വിനീത് ശ്രീനിവാസന്‍ ബേസിലിനെ അസിസ്റ്റന്റ് ആയി വിളിക്കുന്നതും അദ്ദേഹത്തിന്റെ ഷോര്‍ട്ട് ഫിലിം കണ്ടിട്ടായിരുന്നു.

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയി കരിയര്‍ ആരംഭിച്ച ബേസില്‍ 2015ല്‍ കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാള സിനിമയിലെ മികച്ച സംവിധായകനായും നടനായും പേരെടുക്കുവാന്‍ ബേസിലിന് കഴിഞ്ഞു.

തനിക്കിഷ്ടപ്പെട്ട തമിഴ് സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ജിഗര്‍ത്തണ്ട എന്ന ചിത്രം കണ്ടപ്പോള്‍ സിനിമ ചെയ്യണം എന്നൊരു ഫയര്‍ തനിക്കുള്ളില്‍ തോന്നിയെന്ന് ബേസില്‍ ജോസഫ് പറയുന്നു. താന്‍ സിനിമയിലേക്ക് വന്നതുതന്നെ കാര്‍ത്തിക് സുബരാജിന്റെയും നളന്‍ കുമാരസ്വാമിയെയെല്ലാം കണ്ടുകൊണ്ടാണെന്നും ആ സമയത്തെല്ലാം സിനിമ ചെയ്യണമെന്ന ആഗ്രഹം തന്റെ ഉള്ളില്‍ വര്‍ധിച്ചുവന്നെന്നും ബേസില്‍ പറഞ്ഞു. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

എന്റെ ഉള്ളില്‍ ഒരു ഫയര്‍ തോന്നിയ ചിത്രമാണ് ജിഗര്‍ത്തണ്ട – ബേസില്‍ ജോസഫ്

‘ജിഗര്‍തണ്ടയെല്ലാം തിയേറ്ററില്‍ ഞാന്‍ കണ്ട സിനിമയാണ്. ചില സിനിമ കണ്ടാല്‍ ഒരു സിനിമ വേഗം തന്നെ ചെയ്യണം എന്നൊരു ഫയര്‍ നമുക്കുള്ളില്‍ തോന്നില്ലേ. അങ്ങനെ എന്റെ ഉള്ളില്‍ ഒരു ഫയര്‍ തോന്നിയ ചിത്രമാണ് ജിഗര്‍ത്തണ്ട. ഞാന്‍ സിനിമയിലേക്ക് വന്നതുതന്നെ കാര്‍ത്തിക് സുബരാജിന്റെയും നളന്‍ കുമാരസ്വാമിയെയെല്ലാം കണ്ടുകൊണ്ടാണ്. ആ സമയത്തെല്ലാം സിനിമ ചെയ്യണം എന്ന ആഗ്രഹം എന്റെ ഉള്ളില്‍ വര്‍ധിച്ച് വരുകയായിരുന്നു.

ഈ സിനിമകളെല്ലാം അകന്നുമ്പോള്‍ എനിക്കും അതുപോലൊരു സിനിമ ചെയ്യണം എന്ന ആഗ്രഹം ഉള്ളിലുണ്ടായി. സിനിമയിലേക്ക് വരാനുള്ള ഒരു ഫെയ്സായിരുന്നു അത്. പന്നയാരും പദ്മിനിയും അതിലൊരു സിനിമയായിരുന്നു. അതുപോലെതന്നെയാണ് മുണ്ടാസ്പട്ടിയും. അങ്ങനെ ഒരുപാട് സിനിമകളുണ്ട്.

ആ ഫിലിം മേക്കേഴ്സെല്ലാം ഒന്നില്ലെങ്കില്‍ എന്റെ അതെ പ്രായമായിരുന്നു അല്ലെങ്കില്‍ എന്നേക്കാള്‍ കുറച്ച് മുതിര്‍ന്നവരും. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റി. പിന്നെ കമല്‍ സാറും മണിരത്‌നവുമെല്ലാം ചെറുപ്പം മുതലേ സിനിമയിലേക്കെത്താന്‍ നമ്മളെ കൊതിപ്പിച്ചുകൊണ്ടേ ഇരിക്കുകയിരുന്നുവല്ലോ,’ ബേസില്‍ ജോസഫ് പറയുന്നു.

Content highlight: Basil Joseph Talks About The Films That Inspired Him