national news
രാജസ്ഥാനിലെ ദർഗയിൽ വാളുമായി പ്രവേശിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 02, 01:25 am
Wednesday, 2nd April 2025, 6:55 am

ജയ്പൂർ: രാജസ്ഥാനിലെ ദർഗയിൽ വാളുമായെത്തി പരിഭ്രാന്തി പരത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആയുധവുമായെത്തി ഭീഷണി മുഴക്കിയ യുവാവിനെ കണ്ട ദർഗയിലുണ്ടായിരുന്നവർ ഭയന്നെങ്കിലും അവിടെയുണ്ടായിരുന്ന മറ്റൊരു യുവാവിന്റെ സമയോചിതമായ ഇടപെടൽ മൂലം അപകടമൊഴിവായി. ഖ്വാജ ഗരീബ് നവാസ് ദർഗയിയിലാണ് സംഭവം.

ദർഗയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ്, വാളുമായെത്തിയ വ്യക്തിയുടെ കൈയിൽ നിന്നും വാൾ ബലമായി പിടിച്ച് വാങ്ങുകയായിരുന്നു. വാൾ പിടിച്ച് വാങ്ങുന്നതിനിടെ യുവാവിന് പരിക്കേറ്റു. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന ബഹളത്തിന് ശേഷമാണ് യുവാവിനെ കീഴടക്കിയത്.

പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് ജെ.എൽ.എൻ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ദർഗക്കുള്ളിലെത്തിയ പ്രതി വസ്ത്രങ്ങൾ അഴിച്ചുമാറ്റി വാൾ വീശാൻ തുടങ്ങിയതായി ദർഗയിലുള്ളവർ പറഞ്ഞു. പ്രതി ആയുധവുമായി എങ്ങനെ അകത്തുകടന്നുവെന്ന് അധികൃതർ ഇപ്പോൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, പോലീസിന്റെ അശ്രദ്ധയെ അഞ്ജുമാൻ കമ്മിറ്റി സെക്രട്ടറി സയ്യിദ് സർവാർ ചിഷ്തി വിമർശിച്ചു. യുവാവിന് ദർഗയ്ക്കുള്ളിൽ വാൾ കൊണ്ടുവരാൻ എങ്ങനെ കഴിഞ്ഞുവെന്ന് അദ്ദേഹം ചോദിച്ചു.

‘ഗേറ്റിൽ നിലയുറപ്പിച്ചിരിക്കുന്ന പൊലീസുകാർ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം മൊബൈൽ ഫോണിൽ കാര്യമായി എന്തോ ചെയ്യുകയായിരുന്നു,’ അദ്ദേഹം ആരോപിച്ചു. ഉത്തർപ്രദേശ് സ്വദേശിയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് ദർഗയിലെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പ്രവേശന കവാടങ്ങളിൽ 24 മണിക്കൂറും പൊലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്.

ഒരു ചെറുപ്പക്കാരൻ വാളുമായി പെട്ടന്ന് കടന്നുവരികയായിരുന്നെന്ന് ബറേലിയിൽ നിന്നുള്ള ഒരു തീർത്ഥാടകൻ വിവരിച്ചു. ‘ഒരു ചെറുപ്പക്കാരൻ പെട്ടെന്ന് ദർഗയിലേക്ക് കയറി വന്നു. ഒരു വാൾ പുറത്തെടുത്ത് തറയിൽ വച്ചു. തുടർന്ന്, അയാൾ വസ്ത്രങ്ങൾ അഴിക്കാൻ തുടങ്ങി. വാൾ കൊണ്ട് അഭ്യാസങ്ങൾ കാണിക്കാൻ തുടങ്ങി. ഉടൻ തന്നെ മറ്റൊരു യുവാവ് ഇയാളിൽ നിന്നും വാൾ പിടിച്ച് വാങ്ങാൻ ശ്രമിച്ചു. ഞാൻ ഓടിയെത്തി സഹായിച്ചു. പക്ഷേ അതിനിടയിൽ ആ യുവാവിന് പരിക്കേറ്റു,’ അദ്ദേഹം പറഞ്ഞു.

 

 

Content Highlight: Police detain youth for entering Ajmer Dargah with sword