സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് നാനി. ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സംവിധായകനാവണമെന്ന ആഗ്രഹത്തോടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച നാനി ചില സിനിമകളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2012ല്‍ രാജമൗലിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഈച്ചയിലൂടെയാണ് നാനി മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. അന്ന് ഈച്ച സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ജേഴ്‌സി, ഗാങ് ലീഡര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഇപ്പോള്‍ സിനിമയിലെ റിലേറ്റബിളിറ്റിയെ കുറിച്ചും നടന്‍ ചിരഞ്ജീവിയെ കുറിച്ചും പറയുകയാണ് നാനി. തനിക്ക് ലാര്‍ജര്‍ ദാന്‍ ലൈഫുള്ള സിനിമകളോ കഥാപാത്രങ്ങളോ വേണമെന്നില്ലെന്നാണ് നടന്‍ പറയുന്നത്. അത്തരം വേഷങ്ങള്‍ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നും നാനി പറയുന്നു.
ചെറുപ്പത്തില്‍ ചിരഞ്ജീവിയുടെ സിനിമകള്‍ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നെന്നും അദ്ദേഹത്തിന്റെ സിനിമ കാണാന്‍ തിയേറ്ററില്‍ പോയാല്‍ അവിടെ വെച്ച് ആ കഥാപാത്രമായി നമ്മള്‍ മാറുമെന്നും നാനി പറഞ്ഞു. വളരെ റിലേറ്റബിളിറ്റിയുള്ള സിനിമകളായിരുന്നു അതൊക്കെയെന്നും നാനി കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് ലാര്‍ജര്‍ ദാന്‍ ലൈഫുള്ള സിനിമകള്‍ വേണമെന്നില്ല. അത്തരം കഥാപാത്രങ്ങളും വേണമെന്നില്ല. അത്തരം വേഷങ്ങള്‍ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് അതിനോട് റിലേറ്റ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും.
ഉദാഹരണത്തിന് എന്റെ ചെറുപ്പത്തില്‍ ചിരഞ്ജീവിയുടെ സിനിമകള്‍ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഒരാള്‍ അദ്ദേഹത്തിന്റെ സിനിമ കാണാന്‍ തിയേറ്ററില്‍ പോയാല്‍ അയാള്‍ അവിടെ വെച്ച് ആ കഥാപാത്രമായി മാറുമായിരുന്നു.
ചിരഞ്ജീവിയുടെ റോള്‍ എന്താണോ ആ റോളിലേക്ക് നമ്മളും മാറും. അദ്ദേഹം നിരവധി സിനിമകളിലൂടെ നമ്മളെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയില്‍ എപ്പോഴും എക്‌സൈറ്റിങ്ങായ ഫൈറ്റുകളും മറ്റുമുണ്ടാകുകയും ചെയ്യും.
പക്ഷെ അപ്പോഴും റിലേറ്റബിളിറ്റിയുള്ള സിനിമകളായിരുന്നു അതൊക്കെ. എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം എന്താണെന്ന് ചോദിച്ചാല്‍, ആളുകള്‍ക്ക് റിലേറ്റബിളിറ്റിയുടെ പവര്‍ എന്താണെന്ന് മനസിലായിട്ടില്ല എന്നതാണ്,’ നാനി പറയുന്നു.
Content Highlight: Nani Talks About Chiranjeevi Movies