national news
ദൽഹി കലാപം; ബി.ജെ.പി നേതാവ് കപിൽ മിശ്രയ്‌ക്കെതിരെ കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 02, 02:01 am
Wednesday, 2nd April 2025, 7:31 am

ന്യൂദൽഹി: 2020ലെ വടക്കുകിഴക്കൻ ദൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി നേതാവും ദൽഹി മന്ത്രിയുമായ കപിൽ മിശ്രയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും കൂടുതൽ അന്വേഷണം നടത്താനും ഉത്തരവിട്ട് ദൽഹി കോടതി.

പരാതിക്കാരനായ യമുന വിഹാർ നിവാസിയായ മുഹമ്മദ് ഇല്യാസിന്റെ അപേക്ഷ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യ അംഗീകരിച്ചു. മിശ്രയ്‌ക്കെതിരെയും ദയാൽപൂർ പൊലീസ് സ്റ്റേഷനിലെ അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ)ക്കെതിരെയും ബി.ജെ.പി എം.എൽ.എ മോഹൻ സിങ് ബിഷ്ട്, മുൻ പാർട്ടി എം.എൽ.എ ജഗദീഷ് പ്രധാൻ എന്നിവരുൾപ്പെടെ മറ്റ് അഞ്ച് പേർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മുഹമ്മദ് ഇല്യാസ് അപേക്ഷിച്ചു.

മുഹമ്മദ് ഇല്യാസിന്റെ ആവശ്യം അംഗീകരിച്ച കോടതി പരാതിയിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങളുമായി കപിൽ മിശ്രക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാൽ കേസിൽ അദ്ദേഹത്തിനെതിരെ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പറഞ്ഞു.

‘ഹരജിക്കാരൻ സമർപ്പിച്ച തെളിവുകൾ മിശ്ര പ്രസ്തുത പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട്. അതിനാൽ ഈ കേസിൽ, പ്രതിക്കും കൂട്ടാളികൾക്കും എതിരായ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താൻ ഈ കോടതി നിർദേശിക്കുന്നു,’ കോടതി ഉത്തരവിട്ടു.

കലാപം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മിശ്ര വടക്കുകിഴക്കൻ ജില്ലയിലായിരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അതിനാൽ കലാപസമയത്ത് അദ്ദേഹം അവിടെയുണ്ടായിരുന്നു എന്ന വസ്തുത തള്ളിക്കളയാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ഒപ്പം ‘നിങ്ങൾ ഈ പ്രതിഷേധം നിർത്തിയില്ലെങ്കിൽ , നിങ്ങൾ കൊല്ലപ്പെടുന്നതിന്റെ അനന്തരഫലം ഇവിടെ ഉണ്ടാകും’ എന്ന് പറഞ്ഞുകൊണ്ട് തെരുവുകളിൽ പ്രതിഷേധക്കാർക്കെതിരെ ഭീഷണി മുഴക്കിയെന്ന് പരാതിക്കാരൻ ആരോപിച്ച ഡി.സി.പി വേദ് പ്രകാശ് സൂര്യയെ വിസ്തരിക്കാനും കോടതി നിർദേശിച്ചു.

2020ൽ ഫെബ്രുവരി 24നും 26നും ഇടയിൽ വടക്കുകിഴക്കൻ ദൽഹിയെ പിടിച്ചുകുലുക്കിയ വർഗീയ കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ, പരാതിക്കാരന്റെ ഹരജിയെ ദൽഹി പൊലീസ് എതിർത്തിരുന്നു, കേസിൽ മുഹമ്മദ് ഇല്യാസ് മിശ്രയെ കുറ്റപ്പെടുത്തുകയായിരുന്നുവെന്നും 2020ലെ ദൽഹി കലാപത്തിൽ അദ്ദേഹത്തിന് ഒരു പങ്കുമില്ലെന്നും പൊലീസ് വാദിച്ചിരുന്നു.

കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ മിശ്രയുടെ പങ്ക് ഇതിനകം പൊലീസ് അന്വേഷിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ കുറ്റകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മിശ്രക്ക് വേണ്ടി വാദിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ മുഹമ്മദ് ഇല്യാസ്, മിശ്രയും മറ്റുള്ളവരും ദൽഹിയിലെ കർദാംപുരിയിൽ ഒരു റോഡ് തടയുകയും കച്ചവടക്കാരുടെ വണ്ടികൾ നശിപ്പിക്കുകയും ചെയ്യുന്നത് കണ്ടതായി പരാതിപ്പെട്ടു. അന്നത്തെ വടക്കുകിഴക്കൻ ദൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡി.സി.പി) മിശ്രയുടെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെയും അരികിൽ നിൽക്കുകയും പ്രതിഷേധക്കാരോട് പ്രദേശം വിട്ട് പോകാൻ ഭീഷണി മുഴക്കിയതായും മുഹമ്മദ് ഇല്യാസ് പറഞ്ഞു.

ബി.ജെ.പി നേതാക്കളായ പ്രധാൻ, ബിഷ്ട് എന്നിവർക്കൊപ്പം അന്നത്തെ ദയാൽപൂർ എസ്.എച്ച്.ഒ വടക്കുകിഴക്കൻ ദൽഹിയിലുടനീളമുള്ള പള്ളികൾ നശിപ്പിക്കുന്നത് കണ്ടതായും പരാതിക്കാരൻ പറഞ്ഞിരുന്നു.

 

Content Highlight: Delhi Riots: Court Orders Further Investigation Against BJP Leader Kapil Mishra, Says Cognizable Offence Found