Entertainment
അന്ന് ലാലേട്ടന്റെ മുഖത്ത് നോക്കിയപ്പോള്‍ കണ്‍മുന്നില്‍ ഒരുപാട് സിനിമകള്‍ വന്നുപോയി: നൈല ഉഷ

കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടിയുടെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് നൈല ഉഷ. പിന്നീട് പല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമാണ് നൈല എന്ന നടിയെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ലൂസിഫിലും എമ്പുരാനിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ മോഹന്‍ലാലിന്റെ അഭിനയം ആദ്യമായി കണ്ടപ്പോഴുള്ള അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നൈല ഉഷ.

പലതവണ കണ്ട് പരിചയം ഉണ്ടെങ്കിലും മോഹന്‍ലാല്‍ എന്ന നടന്‍ ക്യാമറയ്ക്ക് മുമ്പില്‍ അഭിനയിക്കുന്നത് കണ്ടത് ലൂസിഫറിലാണെന്നും നൈല ഉഷ പറയുന്നു. സിനിമയുടെ ആദ്യത്തെ ഷോട്ടുകള്‍ എടുക്കുമ്പോള്‍ താന്‍ അവിടെയില്ലെന്നും ഫ്‌ളോറിന്റെ മുകളില്‍ നിന്ന് അദ്ദേഹം അഭിയിക്കുന്നത് നോക്കികാണാറുണ്ടായിരുന്നെന്നും നൈല പറഞ്ഞു.

മോഹന്‍ലാല്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന്റെ പല സിനിമകളും തന്റെ മുന്നിലൂടെ മിന്നി മറയാറുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. സെറ്റില്‍ അദ്ദേഹം എല്ലാവരോടും തമാശ പറയുകയും സംസാരിക്കുകയും ചെയ്യാറുണ്ടെന്നും നൈല പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.

‘ലാലേട്ടന്‍ ആദ്യമായി ഒരു ക്യാമറയുടെ മുന്നില്‍ അഭിനയിക്കുന്നത് കാണുന്നത് ലൂസിഫറിന്റെ സമയത്താണ്. അതല്ലാതെ ലാലേട്ടനെ ഒരുപാട് അവസരങ്ങളില്‍ കണ്ടിട്ടും സംസാരിച്ചിട്ടുമൊക്കെ ഉണ്ട്. ലൂസിഫറിലെ ആദ്യത്തെ ഷോട്ടുകള്‍ എടുക്കുമ്പോള്‍ ഞാനില്ല അവിടെ. ലാലേട്ടനെ മാത്രം വെച്ചിട്ടാണ് ഷൂട്ട് ചെയ്തിരുന്നത്. അപ്പോള്‍ ഞാന്‍ മുകളിലത്തെ ഫ്‌ളോറിലിരുന്ന് ലാലേട്ടന്‍ അഭിനയിക്കുന്നത് നോക്കുകയായിരുന്നു. ആ സമയം നമ്മുടെ മുന്നില്‍ എത്രയോ സിനിമകളൊക്കെ വന്ന് പോകും. അത് വളരെ നല്ല അനുഭവമായിരുന്നു. നമ്മള്‍ ഷൂട്ട് ചെയ്തിരുന്നത് വെളുപ്പിന് രണ്ട് മണി മൂന്ന് മണി സമയത്തായിരുന്നു.

ആ സമയത്ത് പോലും ലാലേട്ടന്‍ വളരെ സ്വീറ്റ് ആയി തമാശയൊക്കെ പറഞ്ഞാണ് എല്ലാ അണിയറ പ്രവര്‍ത്തകരുടെയടുത്തും നിന്നിരുന്നത്. ആര്‍ട്ടിസ്റ്റിനോട് മാത്രമല്ല എല്ലാവരുടെ അടുത്തും അങ്ങനെയായിരുന്നു. ഇത് നമ്മള്‍ ഒരു ഫ്‌ളാറ്റിലാണ് ഷൂട്ട് ചെയ്തിരുന്നത്. അപ്പുറത്ത് ഫ്‌ളാറ്റിലുള്ള ആളുകള്‍ ലാലേട്ടനെ കാണാനായിട്ടൊക്ക വരും. ഷോട്ട് കഴിയുമ്പോള്‍ അവരുടെ അടുത്തൊക്കെ പോയി സോറി ഞങ്ങള്‍ ഇതൊക്കെ പെട്ടന്ന് തീര്‍ക്കാം നിങ്ങളെല്ലാവരും ഉറങ്ങുന്ന സമയമല്ലേ എന്നൊക്കെ പറയും. ഞാന്‍ അപ്പോള്‍ ഓര്‍ക്കും, ഇത്രയും വലിയൊരു സ്റ്റാറിന് ആ സമയത്തും ഇങ്ങനെയൊക്കെ പറയാനുള്ള ക്ഷമയും കൈന്‍ഡ്‌നസുമൊക്കെ ഉണ്ടല്ലോ എന്ന്,’ നൈല ഉഷ പറയുന്നു.

Content Highlight: Nyla Usha talks about Mohanlal