World News
ട്രംപിന്റെ താരിഫ് പ്രഖ്യാപനം ഇന്ന് പ്രാബല്യത്തില്‍; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 02, 02:23 am
Wednesday, 2nd April 2025, 7:53 am

വാഷിങ്ടണ്‍: ട്രംപ് പ്രഖ്യാപിച്ച താരിഫുകള്‍ ഇന്ന് (ഏപ്രില്‍ രണ്ടിന്) പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ്. ഇന്ന് ട്രംപ് പരസ്പരം താരിഫുകള്‍ പ്രഖ്യാപിക്കുമെന്നും ഏപ്രില്‍ മൂന്ന് മുതല്‍ വാഹന താരിഫുകള്‍ പ്രാബല്യത്തില്‍ വരുമെന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

ഇന്നലെയാണ് വൈറ്റ് ഹൗസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ വ്യാപാര ഉപദേഷ്ടാക്കളുമായി ചേര്‍ന്ന് താരിഫ് തന്ത്രം പൂര്‍ണമാക്കുകയാണെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി പറഞ്ഞു.

ഇന്ന് (ബുധനാഴ്ച) വൈകുന്നേരം നാല് മണിയോടെ വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനിലാണ് ട്രംപ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കുള്ള തീരുവ ചുമത്തല്‍ നാളെയാണ് പ്രാബല്യത്തില്‍ വരുന്നത്.

ട്രംപ് നിലവില്‍ തന്റെ ട്രേഡ് ആന്റ് താരിഫ് ടീമിനൊപ്പമുണ്ടെന്നും അമേരിക്കന്‍ ജനതയ്ക്കും തൊഴിലാളികള്‍ക്കും ഇത് വളരെ ഉപകാരപ്രദമായിരിക്കുമെന്നും 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്കത് മനസിലാവുമെന്നും സെക്രട്ടറി ചൊവ്വാഴ്ച അറിയിച്ചു.

അതേസമയം കുറഞ്ഞ നിരക്കുകള്‍ ആഗ്രഹിക്കുന്ന വിദേശ സര്‍ക്കാരുകളുമായും കോര്‍പ്പറേറ്റ് നേതാക്കളുമായും ചര്‍ച്ച നടത്താന്‍ ട്രംപ് തയ്യാറാണെന്നും ട്രംപിന്റെ പദ്ധതികളെ കുറിച്ച് നിരവധി രാജ്യങ്ങള്‍ ഇതിനോടകം തന്നെ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ലിവിറ്റ് കൂട്ടിച്ചേര്‍ത്തു.

അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും ചര്‍ച്ചയ്ക്കും എപ്പോഴും തങ്ങള്‍ തയ്യാറാണെന്നും ലിവിറ്റ് പറഞ്ഞു. അതേസമയം അമേരിക്കന്‍ തൊഴിലാളികള്‍ക്ക് ന്യായമായ കരാര്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ലിവിറ്റ് അറിയിച്ചു.

അധികാരമേറ്റതിന് പിന്നാലെയാണ് ട്രംപ് ഇറക്കുമതി തീരുവകളുടെ ഭാഗമായി പരസ്പര താരിഫുകള്‍ ചുമത്തി ഉത്തരവ് പുറത്തിറക്കിയത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കാണ് തീരുവ ചുമത്തുക. കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് ഉയര്‍ന്ന താരിഫുകള്‍, ലോഹങ്ങള്‍ക്ക് മേഖലാധിഷ്ഠിത താരിഫുകള്‍. ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ക്കുള്ള താരിഫുകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

Content Highlight: Trump’s tariff announcement takes effect today; White House confirms