IPL
കൊല്‍ക്കത്തയ്ക്കും ശ്രേയസിന്റെ ഈ നേട്ടത്തില്‍ അവകാശമുണ്ട്; ആദ്യ കിരീടം നേടിയ സാക്ഷാല്‍ ഷെയ്ന്‍ വോണിന്റെ ഐ.പി.എല്‍ റെക്കോഡില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 02, 02:10 am
Wednesday, 2nd April 2025, 7:40 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്സ് – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരത്തില്‍ പഞ്ചാബ് വിജയിച്ചിരുന്നു. ലഖ്നൗവിന്റെ സ്വന്തം തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ശ്രേയസ് അയ്യരും സംഘവും ഹോം ടീമിനെ തകര്‍ത്തുവിട്ടത്.

ലഖ്നൗ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം 22 പന്ത് ബാക്കി നില്‍ക്കവെ പഞ്ചാബ് മറികടക്കുകയായിരുന്നു. പ്രഭ്സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, നേഹല്‍ വധേര എന്നിവരുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് പഞ്ചാബ് സീസണിലെ രണ്ടാം വിജയവും സ്വന്തമാക്കിയത്.

പ്രഭ്‌സിമ്രാന്‍ 34 പന്തില്‍ 69 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് 30 പന്തില്‍ പുറത്താകാതെ 52 റണ്‍സും നേഹല്‍ വധേര 25 പന്തില്‍ പുറത്താകാതെ 43 റണ്‍സും സ്വന്തമാക്കി.

ഈ വിജയത്തിന് പിന്നാലെ ശ്രേയസ് അയ്യരിനെ ഒരു തകര്‍പ്പന്‍ നേട്ടം തേടിയെത്തിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മത്സരങ്ങള്‍ വിജയിക്കുന്ന രണ്ടാമത് ക്യാപ്റ്റനെന്ന റെക്കോഡിലേക്കാണ് ശ്രേയസ് കാലെടുത്ത് വെച്ചത്.

തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് ക്യാപ്റ്റന്റെ റോളിലെത്തിയ ശ്രേയസ് അയ്യര്‍ വിജയിക്കുന്നത്. പഞ്ചാബ് നായകന്റെ റോളില്‍ രണ്ട് മത്സരത്തില്‍ വിജയിച്ച ശ്രേയസ്, കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായും തിളങ്ങിയിരുന്നു.

ഐ.പി.എല്‍ 2024ല്‍ ഫൈനലടക്കം ഒടുവില്‍ കളിച്ച എട്ട് മത്സരത്തില്‍ ആറിലും ശ്രേയസ് അയ്യരും സംഘവും വിജയിച്ചിരുന്നു. രണ്ട് മത്സരം ഉപേക്ഷിക്കുകയും ചെയ്തു.

ഇപ്പോള്‍ പുതിയ സീസണിലെ ആദ്യ രണ്ട് മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെയാണ് പഞ്ചാബ് നായകനെ ഈ തകര്‍പ്പന്‍ റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. ഇതിഹാസ താരം ഷെയ്ന്‍ വോണിനൊപ്പം നിലവില്‍ രണ്ടാം സ്ഥാനം പങ്കിടുകയാണ് അയ്യര്‍.

ഐ.പി.എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മത്സരങ്ങള്‍ വിജയിച്ച ക്യാപ്റ്റന്‍മാര്‍

(താരം – ടീം/ ടീമുകള്‍ – മത്സരം – വര്‍ഷം എന്നീ ക്രമത്തില്‍)

ഗൗതം ഗംഭീര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 10 – 2014/ 2015

ശ്രേയസ് അയ്യര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് / പഞ്ചാബ് കിങ്‌സ് – 8* – 2024/2025

ഷെയ്ന്‍ വോണ്‍ – രാജസ്ഥാന്‍ റോയല്‍സ് – 8 – 2008

എം.എസ്. ധോണി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 7 – 2013

അതേസമയം, ലഖ്‌നൗവിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് ഉയരാനും പഞ്ചാബ് കിങ്‌സിന് സാധിച്ചു. കളിച്ച രണ്ട് മത്സരത്തിലും ജയിച്ച് നാല് പോയിന്റോടെയാണ് പഞ്ചാബ് രണ്ടാമതെത്തി നില്‍ക്കുന്നത്.

രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് പട്ടികയില്‍ ഒന്നാമത്. റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ആര്‍.സി.ബി ഒന്നാമത് നില്‍ക്കുന്നത്.

ഏപ്രില്‍ അഞ്ചിനാണ് പഞ്ചാബിന്റെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

 

Content Highlight: IPL 2025: PBKS vs LSG: Shreyas Iyer equals Shane Warne’s IPL record