'കേരളത്തിലെത്തണമെങ്കില്‍ ഒരു കോടി ചെലവ്'; മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍
Kerala News
'കേരളത്തിലെത്തണമെങ്കില്‍ ഒരു കോടി ചെലവ്'; മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th April 2023, 7:03 pm

ബെംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തില്‍. കേരളത്തിലെത്തണമെങ്കില്‍ 60 ലക്ഷം രൂപ ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തില്‍ ചെലവ് വഹിക്കേണ്ടിവരുമെന്ന് ബെംഗളൂരു പൊലീസ് മഅ്ദനിയുടെ കുടുംബത്തെ അറിയിച്ചു. ഇതുകൂടാതെ താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ ചെലവിനത്തില്‍ ഒരു കോടി രൂപ ആവശ്യമായി വരുമെന്നാണ് കുടുംബത്തിന്റെ കണക്കുകൂട്ടല്‍.

20 പൊലീസ് ഉദ്യോഗസ്ഥര്‍ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്. ഇത്രയും തുക പ്രയാസമാണെന്ന് മഅ്ദനി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ അറിയിച്ചു.

വിഷയത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് മഅ്ദനിയുടെ തീരുമാനം. ഈ വന്‍ തുക അടച്ച് കേരളത്തിലേക്ക് വരേണ്ടെന്ന നിലപാടിലാണ് അദ്ദേഹം.
ആശുപത്രിയില്‍ പോലും പോകാന്‍ അനുവദിക്കില്ലെന്ന് തുടങ്ങി വിചിത്രമായ കാര്യങ്ങളാണ് പൊലീസ് പറയുന്നതെന്നും മഅ്ദനി പറഞ്ഞു.

ബെംഗളൂരുവില്‍ യാത്രാവിലക്കുകളോടെ കഴിയുന്ന മഅ്ദനിക്ക് കഴിഞ്ഞ 17നാണ് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരുന്നത്. അസുഖ ബാധിതനായ പിതാവിനെ കാണാന്‍ ജൂലൈ പത്ത് വരെ കേരളത്തില്‍ തങ്ങാനായിരുന്നു ഇളവ്. ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍.

ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനിക്കെതിരെ വിചാരണ നടക്കുന്നത്. കേസില്‍ നിലവില്‍ ഉപാധികളോടെ ജാമ്യത്തില്‍ കഴിയുകയാണ് അദ്ദേഹം.

പക്ഷാഘാതത്തിന്റെ തുടര്‍ച്ചയായുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മഅ്ദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.