മുംബൈ: കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ എന്‍.സി.പി. സംസ്ഥാന അധ്യക്ഷനാവും. ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പി.സി. ചാക്കോയെ അധ്യക്ഷനാക്കാനുള്ള നിര്‍ദേശത്തിന് അനുമതി നല്‍കി.
നിലവില്‍ ടി.പി. പീതാംബരനാണ് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ്. പീതാംബരനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം എ.കെ ശശീന്ദ്രന്‍ പക്ഷത്തെ പ്രമുഖനായ റസാഖ് മൗലവിയെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി.പി പീതാംബരന്‍ പുറത്താക്കിയിരുന്നു.
പാലായില്‍ മാണി സി. കാപ്പന്റെ വിജയത്തെ പ്രകീര്‍ത്തിച്ച സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനെ വിമര്‍ശിച്ചതിനാണ് റസാഖ് മൗലവിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. തൊട്ടുപിറകെ നിശ്ചയിച്ച സമയത്ത് മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടക്കാട്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി.