ന്യുദല്‍ഹി: ബി.ജെ.പിയ്ക്കു വേണ്ടി രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനും കലാപം സൃഷ്ടിക്കാനും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്വാധീനിക്കാനും ഇന്ത്യയിലെ മാധ്യമങ്ങള്‍ കോടികള്‍ ആവശ്യപ്പെട്ടെന്ന കോബ്രാ പോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങി പേ.ടി.എമ്മും. പേ.ടി.എം ഉപഭോക്താക്കളുടെ വിവരങ്ങള്‍ പോലും തങ്ങള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകള്‍ക്കായി നല്‍കാറുണ്ടെന്ന പേ.ടി.എമ്മിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്ന വീഡിയോയാണ് കോബ്രാ പോസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്.
ആര്‍.എസ്.എസ് നേതൃത്വം പറഞ്ഞാല്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും ആര്‍.എസ്.എസ് തന്റെ രക്തത്തിലുണ്ടെന്നും പേ.ടി.എം സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് ശേഖര്‍ ശര്‍മ പറയുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. നിലവില്‍ തങ്ങള്‍ സംഘപരിവാറിനും നരേന്ദ്ര മോദിയ്ക്കുമെല്ലാം ഇത്തരം സഹായങ്ങള്‍ ചെയ്തുകൊടുക്കാറുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്.
പേ.ടി.എമ്മിന്റെ വൈസ് പ്രസിഡന്റ് ആയ സുധാന്‍ഷു ഗുപ്ത, സീനിയര്‍ വൈസ് പ്രസിഡണ്ട് ആയ അജയ് ശേഖര്‍ ശര്‍മ്മയുമാണ് കോബ്രാ പോസ്റ്റിന്റെ വീഡിയോയില്‍ കുടുങ്ങിയിട്ടുള്ളത്.
“”കശ്മീരില്‍ കല്ലേറ് കുറഞ്ഞപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും എന്നെ വിളിച്ചിരുന്നു. കല്ലേറുകാരില്‍ പലരും പേ.ടി.എം ഉപയോഗിച്ചു തുടങ്ങിയതായി കാണിക്കുന്ന ഡേറ്റ കൊടുക്കണം എന്ന് അവര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു.” അജയ് ശര്‍മ പറയുന്നു.
ബി.ജെ.പിയോടുള്ള രാഷ്ട്രീയ ചായ്വിന്റെ ഭാഗമായി മോദിയുടെ എക്‌സാം വാരിയേഴ്‌സ് ഞങ്ങള്‍ പ്രമോട്ട് ചെയ്യുന്നുണ്ടെന്നും ഭഗവത് ഗീത പോലുള്ള പുസ്തകങ്ങളിലൂടെ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും വീഡിയോയില്‍ തുറന്നു പറയുന്നുണ്ട്.
പേ.ടി.എം ആപ്പില്‍ ഉള്ള ക്വിസ് ഗെയിമില്‍ ഭഗവത് ഗീതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വെയ്ക്കാമെന്നും അതുവഴി ഭഗവത് ഗീത പ്രചരിപ്പിക്കാമെന്നും വീഡിയോയിലുണ്ട് “” ഞങ്ങള്‍ ആ ക്വിസ് നടത്താം. പറഞ്ഞാല്‍ നിങ്ങള്‍ ഒരുപക്ഷേ വിശ്വസിക്കില്ല. ഒരു ദിവസം 25000 മുതല്‍ 30000 വരെ ആളുകള്‍ ഈ ക്വിസ് കളിക്കുന്നുണ്ട്. നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ആ ക്വിസ് നടത്താം”” സുധാന്‍ഷു ഗുപ്ത വീഡിയോയില്‍ പറയുന്നു.
Read Also : കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു
നേരത്തെയും രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെ തുറന്നു കാണിച്ച കോബ്ര പോസ്റ്റ് അതിന്റെ രണ്ടാം ഭാഗമാണ് “ഓപ്പറേഷന്‍ 136” ല്‍ പറയുന്നത്. വിനീത് ജെയിനിന്റെ ഉടമസ്ഥതയിലുള്ള ടൈംസ് ഗ്രൂപ്പിന്റെ ടൈംസ് ഓഫ് ഇന്ത്യ 1000 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യ ടുഡേ, സീ ന്യൂസ്, നെറ്റ് വര്‍ക്ക് 18, സ്റ്റാര്‍ ഇന്ത്യ, എ.ബി.പി ന്യൂസ്, ദൈനിക് ജാഗരണ്‍, റേഡിയോ വണ്‍, റെഡ് എഫ്.എം, ലോക്മത്, എ.ബി.എന്‍ ആന്ധ്രാ ജ്യോതി, ടി.വി 5, ദിനമലര്‍, ബിഗ് എഫ്.എം, കെ ന്യൂസ്, ഇന്ത്യ വോയിസ്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, എം.വി ടിവി തുടങ്ങിയ മാധ്യമങ്ങളാണ് കോബ്രാ പോസ്റ്റിന്റെ ഓപ്പറേഷന്‍ 136 ല്‍ കുടുങ്ങിയത്.
പണത്തിനായി താഴെ പറയുന്ന കാര്യങ്ങള്‍ ഏറ്റെടുക്കാമെന്നായിരുന്നു മാധ്യമങ്ങളുടെ നിലപാട്
ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാം
വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കാം
രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കാം
കള്ളപ്പണം നല്‍കിയാലും സ്വീകരിക്കാം
നിഷ്പക്ഷതയും മാധ്യമധര്‍മ്മവും പണത്തിനു മുന്‍പില്‍ അടിയറവ് വെക്കാന്‍ തയ്യാറാണ്
-സമരം ചെയ്യുന്ന കര്‍ഷകരെ മാവോയിസ്റ്റുകളായി ചിത്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാം
-രാഹുല്‍ ഗാന്ധിയെ ടാര്‍ഗറ്റ് ചെയ്യുകയും സ്വഭാവദൂഷ്യം ആരോപിക്കുകയും ചെയ്യാം
അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി വാര്‍ത്തകള്‍ സൃഷ്ടിക്കാമെന്നും അതിനായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടീമിനെ നിയമിക്കാം എന്നുമായിരുന്നു സീ ന്യൂസിന്റെ വാഗ്ദാനം.
ക്യംപെയ്നിന്റെ ആദ്യ മൂന്നുമാസത്തില്‍ ഹിന്ദുത്വ ആശയങ്ങളെ പ്രചരിപ്പിക്കുക, അടുത്തഘട്ടത്തില്‍ തീവ്രഹിന്ദുത്വ വക്താക്കളായ വിനയ് കത്യാര്‍, മോഹന്‍ ഭാഗവത്, ഉമാ ഭാരതി തുടങ്ങിയവരുടെ വര്‍ഗീയ പ്രസംഗങ്ങളെ പ്രൊമോട്ട് ചെയ്യുകയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഇവയെ കേന്ദ്രീകരിക്കുകയും ചെയ്യുക, തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്തുക എന്നിവയായിരുന്നു കരാര്‍.
രാഹുല്‍ ഗാന്ധിയെ പപ്പുവെന്നും മായാവതിയെ ബുവ എന്നും അഖിലേഷ് യാദവിനെ ബാബുവ എന്നും ചിത്രീകരിക്കുക എന്നതും കരാറില്‍ ഉണ്ടായിരുന്നു. ഇിതനായി അച്ചടി-ദൃശ്യ-ശ്രാവ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളേയും സോഷ്യല്‍ മീഡിയേയും ഫലപ്രദമായി ഉപയോഗിക്കുക എന്നതായിരുന്നു ഉടമ്പടി.