ഹിന്ദുക്കളുടെ മതപ്രഭാഷണം ഫറൂഖ് അബ്ദുള്ള നടത്തേണ്ട; ജെ.ഡി(യു) നേതാവ് പവന്‍ വര്‍മ്മ
national news
ഹിന്ദുക്കളുടെ മതപ്രഭാഷണം ഫറൂഖ് അബ്ദുള്ള നടത്തേണ്ട; ജെ.ഡി(യു) നേതാവ് പവന്‍ വര്‍മ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th December 2018, 4:43 pm

ന്യൂദല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണ വിഷയം കുറച്ചു കാണിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ ജെ.ഡി.യു നേതാവ് പവന്‍ വര്‍മ്മ രംഗത്ത്. ഹിന്ദുക്കള്‍ക്കായി മതപ്രഭാഷണം നടത്തേണ്ടെന്നും ഫറൂഖിനോട് പവന്‍ വര്‍മ്മ ഉപദേശിച്ചു.

രാമക്ഷേത്രം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഫറൂഖ് അബ്ദുള്ളയ്ക്ക് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച പവന്‍ വര്‍മ്മ, രാജ്യത്തിന്റെ പുരോഗതിയും രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ആവശ്യവും തുലനം ചെയ്യരുതെന്നും എന്‍.സി ചെയര്‍മാനോട് ആവശ്യപ്പെട്ടു.

ഭരണഘടനാ ധാര്‍മികതയെ ആശ്രയിച്ച് വിധി പുറപ്പെടുവിക്കുന്നത് അപകടകരം; സുപ്രീം കോടതിയുടെ ശബരിമല വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍

“ഹിന്ദുക്കള്‍ക്ക് മതപ്രഭാഷണം നല്‍കേണ്ടെന്ന് അബ്ദുള്ളയോട് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു. ദൈവം ജനങ്ങളുടെ ഹൃദയത്തിലാണെന്നും അതിനാല്‍ എന്തിനാണ് അമ്പലം എന്നുമാണ് അദ്ദേഹം ചോദിക്കുന്നത്. അദ്ദേഹം പറയാന്‍ ശ്രമിക്കുന്നതെന്താണ്? ദൈവം ഹൃദയത്തിലാണെന്നു കരുതി ക്ഷേത്രങ്ങള്‍ പണിയാന്‍ പാടില്ലെന്നുണ്ടോ?”- പവന്‍ ചോദിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.

“വിശ്വാസത്തിന്റെ ഭാഗമായി ജനങ്ങള്‍ ആരാധനക്കായി പോകും. സര്‍ക്കാരിനും ജനങ്ങള്‍ക്കും വികസനത്തിനായി പ്രവര്‍ത്തിക്കുകയും വേണം. വിശ്വാസമോ അതോ വികസനമോ എന്ന ചോദ്യം ഒരു രാജ്യത്തും ഉയര്‍ന്നുവന്നതായി കണ്ടിട്ടില്ല. ഇവ തമ്മിലുള്ള അനുപാതം കൃത്യമായിരിക്കണം. എന്നാല്‍ അബ്ദുള്ളയില്‍ നിന്നും ഞങ്ങള്‍ക്ക് ഉപദേശം വേണ്ട”- അദ്ദേഹം പറഞ്ഞു.

“കണ്ണൂർ വിമാനത്താവളം വികസനത്തിന്റെ ഉത്തമ മാതൃക”:കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു

കേന്ദ്ര സര്‍ക്കാര്‍ ക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും, കര്‍ഷകരുടെയും ദളിതരുടേയുമടക്കം യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും അബ്ദുള്ള പറഞ്ഞിരുന്നു.

“ഇന്നത്തെ മതേതര ജനാധിപത്യ ഇന്ത്യയെ നോക്കൂ. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കല്ല ആളുകള്‍ പോരാടുന്നത്. നിങ്ങള്‍ രാമനുവേണ്ടി പോരാടുകയാണ്. കര്‍ഷകരുടെ പ്രശ്‌നം രാമന്‍ പരിഹരിക്കുമോ. രാമന്‍ വരുന്ന അന്ന് തൊഴിലില്ലായ്മ പരിഹരിക്കപ്പെടുമോ”- അദ്ദേഹം ചോദിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.