കോഴിക്കോട്: ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് പറയുന്നവര്‍ തെളിവ് ഹാജരാക്കണമെന്ന് സീറോ മലബാര്‍ സഭാ ബിഷപ്പ് സിനഡ് മുന്‍ വക്താവ് പോള്‍ തേലക്കാട്ട്. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലൗ ജിഹാദ് കെട്ടുകഥയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് പറയേണ്ടത് പൊലീസും സര്‍ക്കാരുമാണ്. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇതു പറഞ്ഞു കഴിഞ്ഞു. ഇനി വല്ലവരുടെയും കയ്യില്‍ ഇതിന് തെളിവുണ്ടെങ്കില്‍ അത് അധികാരികളെ അറിയിക്കാന്‍ ഇവിടെ ആര്‍ക്കും കഴിയും,’ പോള്‍ തേലക്കാട്ട് പറഞ്ഞു.
ഇതൊന്നും ചെയ്യാതെ അങ്ങനെയൊന്നിനെക്കുറിച്ച് പറഞ്ഞുകൊണ്ട് നടക്കുന്നത് മാന്യതയ്ക്കും മര്യാദയ്ക്കും നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തിയാണ് ഇതിനോട് പ്രതികരിക്കേണ്ടതെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു.
ക്രൈസ്തവരെയും മുസ്‌ലീങ്ങളെയും പരസ്പരം അകറ്റാന്‍ ശ്രമിക്കുന്നവര്‍ മതങ്ങളെ രാഷ്ട്രീയ ആയുധമാക്കി ലാഭമുണ്ടാക്കാനാണ് അത് ചെയ്യുന്നത്. അത് വിജയിപ്പിക്കാതിരിക്കാന്‍ സൗഹൃദവും പരസ്പര ബഹുമാനവും സഹകരണവും വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.