മെസിയേക്കാള്‍ റൊണാള്‍ഡോയെ തെരഞ്ഞടുക്കാന്‍ ഒരു കാരണം മാത്രമേയുള്ളൂ; തുറന്ന് പറഞ്ഞ് മുന്‍ ഫ്രഞ്ച് താരം
Sports News
മെസിയേക്കാള്‍ റൊണാള്‍ഡോയെ തെരഞ്ഞടുക്കാന്‍ ഒരു കാരണം മാത്രമേയുള്ളൂ; തുറന്ന് പറഞ്ഞ് മുന്‍ ഫ്രഞ്ച് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th September 2024, 8:03 am

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇരുവരും ഫുട്‌ബോളില്‍ ഐതിഹാസികമായ ഒരു കരിയര്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇരുവരിലും ആരാണ് കേമന്‍ എന്ന ഗോട്ട് ചര്‍ച്ചകളും അവസാനിക്കുന്നില്ല. ഇപ്പോള്‍  ആരാണ് മികച്ച താരമെന്ന് പറയുകയാണ് മുന്‍ ഫ്രഞ്ച് താരം പാട്രിസ് എവ്ര.

‘ഞാന്‍ മെസിയെക്കാള്‍ ക്രിസ്റ്റ്യാനോയെയാണ് ഇഷ്ടപ്പെടുന്നതെന്ന് ആരാധകര്‍ പറയുമ്പോള്‍, ഞാന്‍ മെസിയെ വെറുക്കുന്നു എന്ന് അവര്‍ കരുതുന്നു. ആരെങ്കിലും മെസിയെ വെറുക്കുന്നുവെങ്കില്‍, അവര്‍ ഫുട്‌ബോളിനെ ശരിക്കും ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഞാന്‍ മെസിയെ സ്‌നേഹിക്കുന്നുണ്ട്. എനിക്ക് തോന്നുന്നു മെസിക്ക് ദൈവം കഴിവ് നല്‍കി, ക്രിസ്റ്റ്യാനോയ്ക്ക് അതിനായി പ്രവര്‍ത്തിക്കേണ്ടി വന്നു, അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു, പക്ഷെ അതിനായി അയാള്‍ക്ക് കഠിനമായി പ്രവര്‍ത്തിക്കേണ്ടിവന്നു.

റൊണാള്‍ഡോയുടെ അതേ പ്രവര്‍ത്തന നൈതികത മെസിക്ക് ഉണ്ടായിരുന്നെങ്കില്‍, അദ്ദേഹത്തിന് ഇന്ന് 15 ബാലണ്‍ ഡി ഓര്‍ ലഭിക്കുമായിരുന്നു. കഠിനാധ്വാനം ചെയ്യുന്ന ആളുകളോട് എനിക്ക് പ്രണയമാണ്, അതിനാലാണ് മെസിയെക്കാള്‍ റൊണാള്‍ഡോയെ ഞാന്‍ തെരഞ്ഞെടുക്കുന്നത്.’ ഫൈവ് യൂട്യൂബ് ചാനലില്‍ റിയോ ഫെര്‍ഡിനാന്‍ഡുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

നിലവില്‍ മികച്ച പ്രകടനമാണ് റൊണാള്‍ഡോ ഫുട്‌ബോള്‍ ലോകത്ത് കാഴ്ചവെക്കുന്നത്. അടുത്തിടെ ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ഫുട്ബോള്‍ ചരിത്രത്തലെ ഏക താരമാണ് റൊണാള്‍ഡോ. നിലവില്‍ 902 ഗോളുകളാണ് താരം നേടിയത്.

2024 കോപ്പ അമേരിക്കയില്‍ പരിക്ക് പറ്റിയ മെസിക്ക് ഏറെ മത്സരങ്ങല്‍ നഷ്ടപ്പെട്ടിരുന്നു. പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടമായിരുന്നു മയാമിക്ക് വേണ്ടി നടത്തിയിരുന്നത്. ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്.

നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. ഇതുവരെ തന്റെ ഫുട്ബോള്‍ കരിയറില്‍ 800 ഗോളാണ് മെസി നേടിയിട്ടുള്ളത്. രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

 

Content Highlight: Patrice Evra Talking About Lionel Messi And Cristiano Ronaldo