ഇന്ത്യ-ശ്രീലങ്ക മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ കഴിഞ്ഞ ദിവസം ആദ്യ മത്സരത്തില്‍ ഇന്ത്യ 43 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. പല്ലേക്കലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 19.2 ഓവറില്‍ 170 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് ശ്രീലങ്കന്‍ താരം പാത്തും നിസംഗ സ്വന്തമാക്കിയത്. 48 പന്തില്‍ 79 റണ്‍സ് നേടികൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഏഴ് ഫോറുകളും നാല് സിക്സുകളുമാണ് നിസംഗ നേടിയത്.
ഇതോടെ ടി-20യില്‍ ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ലങ്കന്‍ താരമായി മാറാനാണ് നിസംഗക്ക് സാധിച്ചത്. 2009ല്‍ നാഗ്പൂരില്‍ വെച്ച നടന്ന മത്സരത്തില്‍ ഇതിഹാസതാരം കുമാര്‍ സങ്കക്കാര നേടിയ 78 റണ്‍സ് മറികടന്നുകൊണ്ടാണ് നിസംഗ ഈ നേട്ടം സ്വന്തമാക്കിയത്.
ടി-20യില്‍ ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ശ്രീലങ്കന്‍ താരം, റണ്‍സ്, വേദി, വര്‍ഷം എന്നീ ക്രമത്തില്‍
പാത്തും നിസംഗ-79-പല്ലേക്കലെ-2024
കുമാര്‍ സങ്കക്കാര-78-നാഗ്പൂര്‍-2009
കുസല്‍ പെരേര-77-ഇന്‍ഡോര്‍-2017
പാത്തും നിസംഗ-75-ധര്‍മശാല-2022
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച ടോട്ടല്‍ നേടിയത്. 26 പന്തില്‍ 58 റണ്‍സ് നേടി കൊണ്ടായിരുന്നു സൂര്യയുടെ മിന്നും പ്രകടനം. എട്ട് ഫോറുകളും രണ്ട് സിക്സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
33 പന്തില്‍ 49 റണ്‍സ് നേടി പന്തും 21 പന്തില്‍ 40 റണ്‍സ് നേടി യശസ്വി ജെയ്സ്വാളും മികച്ച പ്രകടനമാണ് നടത്തിയത്. ആറ് ഫോറുകളും ഒരു സിക്സുമാണ് പന്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് അഞ്ച് ഫോറുകളും രണ്ട് സിക്സുകളുമാണ് ജെയ്‌സ്വാള്‍ അടിച്ചെടുത്തത്.
ഇന്ത്യയ്ക്കായി റിയാന്‍ പരാഗ് മൂന്ന് വിക്കറ്റും അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് സിറാജ്, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ലങ്ക തകര്‍ന്നടിയുകയായിരുന്നു.
Content Highlight: Pathum Nissanka Create a New Record in T20