Sports News
സച്ചിനേക്കാള്‍ മികച്ചവന്‍ വിരാട് കോഹ്‌ലി തന്നെ, അത് പറയാന്‍ എനിക്കൊരു കാരണവുമുണ്ട്: ഓസീസ് ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jan 22, 03:11 am
Sunday, 22nd January 2023, 8:41 am

സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോഹ്‌ലിയും, ലോക ക്രിക്കറ്റിന് ഇന്ത്യ സമ്മാനിച്ച ഏറ്റവും അമൂല്യമായ രത്‌നങ്ങളാണ് ഇവര്‍ ഇരുവരും. ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയെടുത്താല്‍ മുന്‍പന്തിയില്‍ ഇവര്‍ രണ്ട് പേരും കാണുമെന്നുറപ്പാണ്.

ക്രിക്കറ്റിന്റെ ദൈവമെന്നാണ് ആരാധകര്‍ സച്ചിനെ വിളിക്കുന്നത്, റെക്കോഡുകള്‍ നേടുന്നത് ശീലമാക്കിയ സൂപ്പര്‍ താരം. നേടാന്‍ റെക്കോഡുകളൊന്നും ബാക്കി വെക്കാതെയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റിനോട് വിട ചൊല്ലിയത്.

ഏകദിന ക്രിക്കറ്റില്‍ അപ്രാപ്യമെന്ന് തോന്നിയ ഡബിള്‍ സെഞ്ച്വറി പുരുഷ താരങ്ങള്‍ക്കിടയില്‍ ആദ്യം സ്വന്തമാക്കിയും സെഞ്ച്വറി കണക്കില്‍ സെഞ്ച്വറിയടിച്ചും എന്നുതുടങ്ങി എണ്ണമറ്റ റെക്കോഡുകളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്വന്തമാക്കിയിരിക്കുന്നത്.

സച്ചിന്‍ നേടിയ പല റെക്കോഡുകളും തകര്‍ക്കാന്‍ നിലവില്‍ ഒരാള്‍ക്ക് മാത്രമാണ് സാധ്യത കല്‍പിക്കുന്നത്. അത് മറ്റാരുമല്ല, സച്ചിന്റെ പിന്‍ഗാമി എന്ന് വിശേഷിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

ഇതിനോടകം തന്നെ 74 അന്താരാഷ്ട്ര സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി സച്ചിന്റെ 100 സെഞ്ച്വറി എന്ന ലക്ഷ്യത്തിലേക്കാണ് ഓടിയടുക്കുന്നത്. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി എന്ന സച്ചിന്റെ റെക്കോഡും വൈകാതെ വിരാട് തന്റെ പേരിലാക്കുമെന്നുറപ്പാണ്.

ഇരുവര്‍ക്കുമിടയില്‍ ആരാണ് മികച്ചവന്‍ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇരുവരും അവരുടെ കാലത്തെ ലെജന്‍ഡുകള്‍ തന്നെയാണ്.

എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ vs വിരാട് കോഹ്‌ലി ഡിബേറ്റില്‍ താന്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പറയുകയാണ് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിനേക്കാള്‍ മികച്ച താരമായി തനിക്ക് തോന്നിയിട്ടുള്ളത് വിരാട് കോഹ്‌ലിയെ ആണെന്നാണ് കമ്മിന്‍സ് പറയുന്നത്. അതിന് താരം പറയുന്ന കാരണവും രസകരമാണ്.

 

സച്ചിനുമൊത്ത് അധികം മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ വിരാട് കോഹ്‌ലിയാണ് മികച്ചവന്‍ എന്നാണ് തന്റെ അഭിപ്രായമെന്നുമാണ് കമ്മിന്‍സ് പറയുന്നത്.

‘സച്ചിനുമൊത്ത് ഒറ്റ മത്സരം മാത്രമേ എനിക്ക് കളിക്കാന്‍ സാധിച്ചിട്ടുള്ളൂ, അതുകൊണ്ട് കോഹ്‌ലിയാണ് മികച്ചവന്‍ എന്ന് ഞാന്‍ പറയും,’ കമ്മിന്‍സ് പറഞ്ഞു.

റെക്കോഡ് പുസ്തകത്തില്‍ സച്ചിന്റെ പേരിനൊപ്പം തന്നെയാണ് വിരാടിന്റെ സ്ഥാനവും. ടെന്‍ഡുല്‍ക്കര്‍ സൃഷ്ടിച്ച പല റെക്കോഡുകള്‍ തകര്‍ത്തതും ഇനി ബാക്കിയുള്ള റെക്കോഡുകള്‍ ആരെങ്കിലും തകര്‍ക്കുമെങ്കില്‍ അതിന് സാധ്യതയുള്ളതും കോഹ്‌ലിക്ക് മാത്രമാണ്.

 

Content Highlight: Pat Cummins about Sachin Tendulkar and Virat Kohli