ആശംസകളും ചിത്രങ്ങളുമായി മമ്മൂട്ടിയുടെ പിറന്നാള്‍ സിനിമാലോകം ആഘോഷിച്ചുക്കൊണ്ടിരിക്കെ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടി പാര്‍വതി. മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായെത്തുന്ന ‘വണ്‍’ എന്ന ചിത്രത്തിന്റെ ടീസറാണ് പാര്‍വതി ഫേസ്ബുക്ക് സ്റ്റോറിയാക്കിയിട്ടുള്ളത്.
മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധ തുറന്നുകാട്ടിക്കൊണ്ട് പാര്‍വതി രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായിരുന്നു വഴിവെച്ചിരുന്നത്. മമ്മൂട്ടി ആരാധകരുടെ ഭാഗത്ത് നിന്നും വലിയ സോഷ്യല്‍ മീഡിയ ആക്രമണമായിരുന്നു നടിക്ക് നേരെ നടന്നത്. എന്നാല്‍ അതേസമയം മമ്മൂട്ടിയും പാര്‍വതിയും തമ്മില്‍ തര്‍ക്കങ്ങള്‍ക്ക് സംഭവം വഴിവെച്ചിരുന്നില്ല. പല അവാര്‍ഡ് ഷോകളിലും പരിപാടികളിലും ഇരുവരും ഒന്നിച്ചുപങ്കെടുക്കുകയും ചെയ്തിരുന്നു.
മനോരമ ആഴ്ചപതിപ്പിന്റെ ഓണപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംഭവത്തിലെ നിലപാട് പാര്‍വതി ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരുന്നു.
‘കസബയിലെ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെട്ടതിനെയാണ് ചോദ്യം ചെയ്തത്. നടനെയല്ല ഒരു സിനിമ ചെയ്യുമ്പോള്‍ വളരെ പ്രിവിലേജ്ഡും പരിചയ സമ്പന്നരുമായ എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും അതിലെ രാഷ്ട്രീയം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടല്ലോ.
ഞാന്‍ ചോദ്യമുയര്‍ത്തിയത് ആ സിനിമയുടെ സംവിധായകനോട് ആണ്. അതിന്റെ കഥാകൃത്തിനോട് ആണ്. നിര്‍മ്മാതാവിനോട് ആണ്.’ പാര്‍വതി പറഞ്ഞു.
പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ മമ്മൂട്ടിയുടെ ‘വണ്‍’ന്റെ ടീസറിന് വന്‍ സ്വീകരമാണ് ലഭിക്കുന്നത്. സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണിത്.
മമ്മൂട്ടി നായകനായെത്തിയ ഗാനഗന്ധര്‍വിന് ശേഷം ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘വണ്‍’
ആശംസകളും മാഷപ്പ് വീഡിയോകളുമായി സിനിമാതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ എത്തിയ ചിത്രത്തിലെ ഏറെ പ്രശസ്തമായ മോഹന്‍ലാലിന്റെ കഥാപാത്രമായ ടോണിയും മമ്മൂട്ടിയും തമ്മിലുള്ള ട്രെയ്‌നിലെ ഭാഗങ്ങളിലെ രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്. മമ്മൂട്ടിയെ ഇച്ചാക്കയെന്ന് വിളിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പോസ്റ്റിനൊപ്പം ആശംസാവരികള്‍ നല്‍കിയിട്ടുള്ളത്.
തന്റെ സിനിമാജീവിതത്തിന്റെ തുടക്കം മുതല്‍ കൂട്ടായി നിന്ന, നിരവധി സിനിമകളില്‍ പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ച മമ്മൂട്ടിയുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചുക്കൊണ്ടായിരുന്നു സംവിധായകന്‍ രഞ്ജിത്തിന്റെ കുറിപ്പ്. കയ്യൊപ്പ്, കേരള കഫേ, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മമ്മൂട്ടി തനിക്ക് നല്‍കിയ പിന്തുണയെക്കുറിച്ച് രഞ്ജിത്ത് ആശംസക്കുറിപ്പില്‍ വിശദമാക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക