പാ.രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കലാന്‍. ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍, പശുപതി, ഹരി കൃഷ്ണന്‍, അര്‍ജുന്‍ അന്‍ബുദന്‍, പ്രീതി കരണ്‍ എന്നിവര്‍ക്കൊപ്പം വിക്രം അഞ്ച് വേഷങ്ങളില്‍ അഭിനയിക്കുന്നു.
അന്തരിച്ച അഭിനേതാവ് ഇര്‍ഫാന്‍ ഖാനും പാര്‍വതി തിരുവോത്തും ഖരീബ് ഖരീബ് സിംഗിള്‍ എന്ന ഹിന്ദി ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യ ഹിന്ദി സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ഹിന്ദി അത്രകണ്ട് വശമില്ലാതിരുന്നതിനാല്‍ ഇര്‍ഫാന്‍ ഖാന്‍ വളരെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് താങ്കലാന്റെ ഹിന്ദി പതിപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിങ്ങില്‍ പാര്‍വതി പറയുന്നു.
‘വിക്രം സാറിലും ഇര്‍ഫാന്‍ സാറിലുമുള്ള സാമ്യത ഇവര്‍ രണ്ടു പേരിലുമുള്ള ദാനശീലമാണ്. ഹിന്ദി എനിക്കധികം അറിയില്ലായിരുന്നു, കാരണം ഹിന്ദി എന്റെ പ്രാദേശിക ഭാഷയല്ല. അതില്‍ ഇര്‍ഫാന്‍ സാര്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞാന്‍ മറ്റുള്ളവരുടെ അത്രതന്നെ നന്നായി സെറ്റിലുണ്ടാകാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്,’ പാര്‍വതി പറയുന്നു.
വിക്രവും ഇര്‍ഫാന്‍ ഖാനുമായുള്ള സാമ്യത രണ്ടു പേരും വളരെ ദാനശീലമുള്ള വ്യക്തികളാണെന്നും, വിക്രം എല്ലാവരുടെയും ദിവസത്തെയും കൂടുതല്‍ പ്രകാശമുള്ളതാക്കി മാറ്റുമെന്നും പാര്‍വതി തിരുവോത്ത് പറയുന്നു. അദ്ദേഹം റിയല്‍ ലൈഫിലും തങ്കലാനാണെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു.
‘തങ്കലാനില്‍ ഞാന്‍ വര്‍ക്ക് ചെയ്തപ്പോള്‍ അഭിനേതാക്കളെ മാത്രമല്ലാതെ സെറ്റിലുള്ള എല്ലാവരെയും പരിഗണിക്കുന്ന രീതിയാണ് വിക്രം സാറിന്റേത്. അദ്ദേഹം എപ്പോഴും മിഠായി കൊണ്ട് തരുമായിരുന്നു. ഇപ്പോള്‍ ഞാന്‍ അത് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. വിക്രം സാര്‍ വന്ന് ഷെയ്ക്ക് ഹാന്‍ഡ് തരും എന്നിട്ട് നമ്മള്‍ നമ്മുടെ കൈയില്‍ നോക്കുമ്പോള്‍ അതില്‍ മിഠായി ഉണ്ടാകും.
ഈ സിനിമയുടെ ഷൂട്ടിങ് നടന്നത് ഇതുവരെ ഞാന്‍ ചെയ്തതില്‍വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ലൊക്കേഷനുകളിലായിരുന്നു. വളരെ ഹാര്‍ഷ് ആയിട്ടുള്ള ലൊക്കേഷനുകള്‍ ആയിരുന്നു അത്. അപ്പോഴെല്ലാം എല്ലാവര്‍ക്കും താങ്ങായത് വിക്രം സാറാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ അദ്ദേഹം റിയല്‍ ലൈഫിലും ഞങ്ങളുടെ തങ്കലാനാണ്,’ പാര്‍വതി തിരുവോത്ത് പറയുന്നു.
Content Highlight: Parvathy Thiruvothu talks about Irrfan Khan and Vikram