2025 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഏതെല്ലാം ടീമുകളാണ് ഏറ്റുമുട്ടുക എന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടുമെന്നാണ് മുന്‍ താരം പറഞ്ഞത്.
ടൂര്‍ണമെന്റിലെ മികച്ച ബാലന്‍സ്ഡ് ടീമാണ് ന്യൂസിലാന്‍ഡിന്റെയും ഇന്ത്യയുടെയുമെന്ന് പാര്‍ത്ഥിവ് പറഞ്ഞു. മൂന്ന് മാസം മുമ്പ് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലും പാകിസ്ഥാനില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചതെന്നും മുന്‍ താരം പറഞ്ഞു. മാത്രമല്ല കിവീസ് ബാറ്റര്‍മാര്‍ക്ക് സ്പിന്നര്‍മാരെ എങ്ങനെയെല്ലാം കളിക്കണമെന്ന് നന്നായി അറിയാമെന്നും പട്ടേല്‍ പറഞ്ഞു.
‘ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് അവര്‍. ഏറ്റവും സന്തുലിതമായ ടീമാണ് ന്യൂസിലാന്‍ഡിനുള്ളത്. മൂന്ന് മാസം മുമ്പ് അവര്‍ ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പരയും അടുത്തിടെ പാകിസ്ഥാനില്‍ ഒരു ത്രിരാഷ്ട്ര പരമ്പരയും കളിച്ചു. ഉപഭൂഖണ്ഡത്തില്‍ എങ്ങനെ കളിക്കണമെന്ന് അവര്‍ക്കറിയാം.
കിവീസിന്റെ ബാറ്റ്സ്മാന്‍മാര്‍ സ്പിന്‍ ബൗളിങ്ങില്‍ മികച്ച കളിക്കാരാണ്. വില്‍ യങ്ങും ടോം ലതാനും പാകിസ്ഥാന്‍ സ്പിന്നര്‍മാരെ കൈകാര്യം ചെയ്ത രീതി നോക്കിയാല്‍ അത് മനസിലാകും. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡ് എല്ലായ്‌പ്പോഴും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സമ്മര്‍ദത്തിലും വലിയ മത്സരങ്ങളിലും നന്നായി കളിക്കുന്ന കളിക്കാര്‍ അവര്‍ക്കുണ്ട്,’ ക്രിക്ക്ബസില്‍ പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലാന്റിനോട് പരാജയപ്പെട്ടിരുന്നു. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിനാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ തോല്‍വിയേറ്റുവാങ്ങിയത്.
നിലവില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് തെരഞ്ഞെടുത്തിരിക്കുകയാണ്. 12 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സാണ് ടീം നേടിയത്.
Content Highlight: Parthiv Patel Predicts 2025 Champions trophy Finalist