ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌തിങ്കളാഴ്ച തുടക്കമാകും.നവംബര്‍ 24 മുതല്‍ ഡിസംബര്‍ 23 വരെയാണ് സഭ കൂടുക. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള രണ്ടാമത്തെ പ്രധാന സഭായോഗമാണിത്. ഇന്‍ഷുറന്‍സ് ബില്‍, ചരക്ക് സേവന നികുതി ബില്‍ അടക്കം മോദി സര്‍ക്കാറിന്റെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള നിയമ നിര്‍മാണത്തിന് വേദിയാവും ഇന്ന് നടക്കുന്ന ശീതകാല സമ്മേളനം.
വിവിധ മന്ത്രാലയങ്ങളുടെ കീഴിലുള്ള സെക്രട്ടറിമാര്‍ക്കായി നേരത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിളിച്ചു ചേര്‍ത്തിരുന്ന യോഗത്തില്‍ പുതുതായി 39 ബില്ലുകള്‍ കൂടി സഭയുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ തീരുമാനമായിരുന്നു.
അതേ സമയം വിദേശ ബാങ്കുകളിലെ കള്ളപ്പണം, വിദ്യഭ്യാസ രംഗത്തെ കാവിവത്കരണം, ചൈനീസ് കയ്യേറ്റമടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തികാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഭയില്‍ കോണ്‍ഗ്രസും ഇടതും മറ്റ് മതേതര കക്ഷികളും ബി.ജെ.പിക്കെതിരെ ഒന്നിച്ച് നില്‍ക്കുന്ന കാഴ്ച്ചയ്ക്കാവും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സാക്ഷിയാവുക.
ജെഡിയു, ആര്‍.ജെ.ഡി, ജെ.ഡി.എസ്, ഐ.എന്‍.എല്‍.ഡി, എസ്.പി എന്നീ കക്ഷികളും പാര്‍ലമെന്റില്‍ ഒന്നിച്ചു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.