പനീര്‍ശെല്‍വത്തെ ട്രഷറര്‍ സ്ഥാനത്തു നിന്ന് നീക്കി; വിരട്ടിയെന്നത് അസംബന്ധം, പിന്നില്‍ ഡി.എം.കെയെന്ന് ആരോപണം
India
പനീര്‍ശെല്‍വത്തെ ട്രഷറര്‍ സ്ഥാനത്തു നിന്ന് നീക്കി; വിരട്ടിയെന്നത് അസംബന്ധം, പിന്നില്‍ ഡി.എം.കെയെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th February 2017, 7:42 am

 

 

ചെന്നൈ: പനീര്‍ശെല്‍വത്തിന്റെ ശശികലാവിരുദ്ധ പ്രസ്താവനയെതുടര്‍ന്ന് തമിഴ് രാഷ്ട്രീയം പ്രതിസന്ധിയില്‍. പോയസ് ഗാര്‍ഡനിലല്‍ ചേര്‍ന്ന യോഗത്തില്‍ പനീര്‍ശെല്‍വത്തെ എ.ഐ.എ.ഡി.എം.കെ. ട്രഷറര്‍ സ്ഥാനത്തുനിന്നു നീക്കി. പരാമര്‍ശങ്ങള്‍ അസംബന്ധമാണെന്നും പനീര്‍ശെല്‍വത്തിന് എം.എല്‍.എമാരുടെ പിന്തുണയില്ലെന്നും പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും പനീര്‍ശെല്‍വത്തിന് നഷ്ടമായി. വനം മന്ത്രി ഡിണ്ടുഗല്‍.സി. ശ്രീനിവാസനെ ട്രഷററായി നിയമിച്ചിട്ടുണ്ട്.


Also read ‘ അമ്മയുടെ ആത്മാവ് എന്നോട് സംസാരിച്ചു ‘ ; ശശികലയ്‌ക്കെതിരെ ‘ സത്യങ്ങള്‍ ‘ തുറന്നടിച്ച് പനീര്‍ശെല്‍വം , പാര്‍ട്ടിയില്‍ പൊട്ടിത്തെറി 


കൂടുതല്‍ എം.എല്‍.എമാര്‍ പനീര്‍ശെല്‍വത്തിന്റെ ഒപ്പം പോകാതിരിക്കാനുള്ള മുന്‍കരുതലെന്നോണമാണ് പോയസ് ഗാര്‍ഡനില്‍ അടിയന്തിര യോഗം ചേര്‍ന്നത്. നേരത്തെ ജയലളിതയുടെ മരണത്തെ സംബന്ധിച്ച് ആരോപണങ്ങളുന്നയിച്ച പി.എച്ച് പാണ്ഡ്യന്‍ ചതിയനാണെന്നും ഡി.എം.കെയ്ക്ക് വേണ്ടി അനിശ്ചിതാവസ്ഥ സൃഷ്ടിക്കാനാണ് ഇദ്ദേഹം ശ്രമിക്കുന്നതെന്നും മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയുടെ ആനുകൂല്യങ്ങള്‍ പറ്റിയശേഷം പാര്‍ട്ടിയെ തകര്‍ക്കാനാണ് പാണ്ഡ്യനും മകനും ശ്രമിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

എം.ജി.ആറിന്റെ മരണത്തിനുശേഷം പാര്‍ട്ടിയില്‍ വിരുദ്ധ ചേരികള്‍ ഉണ്ടായിരുന്നു. അന്നും പാണ്ഡ്യന്‍ ഐക്യത്തിനായിരുന്നില്ല ശ്രമിച്ചത്. തലൈവിയുടെ മരണത്തിനുശേഷം പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടെന്ന് വരുത്തിത്തീര്‍ത്ത് മുതലെടുപ്പിനാണ് ഇവര്‍ ശ്രമിക്കുന്നത്. ശശികലയ്ക്ക് കീഴില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഒരാളെപ്പോളും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുത്ത് കഴിഞ്ഞതാണെന്നും എ.ഐ.ഡി.എം.കെ നേതാക്കളായ പി. രാമചന്ദ്രനും, കെ.എ സെങ്കോട്ടയ്യനും പറഞ്ഞു.

രാത്രി ശശികലാ വിരുദ്ധ പരാമര്‍ശങ്ങളുമായി പനീര്‍ശെല്‍വവും എത്തിയത് തമിഴ് രാഷ്ട്രീയം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണെന്നതിന്റെ വ്യക്തമായ തെളിവുകളാണ് തരുന്നത്. 50എം.എല്‍.എമാര്‍ പനീര്‍ശെല്‍വത്തിനൊപ്പമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ മുഴുവന്‍ എം.എല്‍.എമാരും പാര്‍ട്ടിക്കൊപ്പമാണെന്നാണ് നേതാക്കള്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ലീഗിന്റെയും ഡി.എം.കെയുടെയും പിന്തുണ പനീര്‍ശെല്‍വത്തിനു ലഭിക്കും. അങ്ങിനെവരുമ്പോള്‍ 30എ.ഐ.ഡി.എം.കെ എം.എല്‍.എമാരുടെ പിന്തുണയുണ്ടായാല്‍പ്പോലും പനീര്‍ശെല്‍വത്തിനു മുഖ്യമന്ത്രിയായി തുടരാന്‍ കഴിയും.

രാജി പിന്‍വലിക്കുമെന്ന് ഇന്നലെ പനീര്‍ശെല്‍വം പറഞ്ഞിരുന്നു. എന്നാല്‍ ഗവര്‍ണര്‍ സ്വീകരിച്ച രാജി പിന്‍വലിക്കുന്നത് അസ്വാഭാവിക നടപടിയാണ്. ഇതിനു മുമ്പ് ഇത്തരം സാഹചര്യം വന്നിട്ടില്ലാത്തതിനാല്‍ ഗവര്‍ണറുടെ വിവേചനാധികാരത്തെ തീരുമാനിച്ചാകും തമിഴ് രാഷ്ട്രീയത്തിന്റെ ഭാവി.