പാതിരാത്രി കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതകുരുക്ക്; നേരിട്ടെത്തി പാലിയേക്കര ടോള്‍ പ്ലാസ തുറന്നുകൊടുത്ത് ടി.വി അനുപമ; പൊലീസിനും അധികൃതര്‍ക്കും ശാസന
Kerala News
പാതിരാത്രി കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതകുരുക്ക്; നേരിട്ടെത്തി പാലിയേക്കര ടോള്‍ പ്ലാസ തുറന്നുകൊടുത്ത് ടി.വി അനുപമ; പൊലീസിനും അധികൃതര്‍ക്കും ശാസന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd December 2018, 9:18 am

തൃശ്ശൂര്‍: ഗതാഗതകുരുക്ക് കിലോമീറ്ററുകളോളം നീണ്ടിട്ടും നടപടിയെടുക്കാതിരുന്നവര്‍ക്ക് ശാസനയുമായി കളക്ടര്‍ ടി.വി അനുപമ. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട കളക്ടര്‍ നേരിട്ട് എത്തി വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസ തുറന്ന് കൊടുത്തു.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രാത്രിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും ടോള്‍ ജീവനക്കാരോ പൊലീസോ നടപടിയെടുത്തിരുന്നില്ല. കളക്ടറുടെ വാഹനവും ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു.

തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ല കലക്ടര്‍മാരുടെ യോഗം കഴിഞ്ഞു മടങ്ങി വരുമ്പോള്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അനുപമ ടോള്‍ പ്ലാസയില്‍ കുടുങ്ങിയത്. പതിനഞ്ച് മിനിറ്റോളം സമയമെടുത്തായിരുന്നു കളക്ടര്‍ ടോള്‍ പ്ലാസയില്‍ എത്തിയത്.

Also Read  രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരത രത്ന തിരിച്ചെടുക്കണമെന്ന പ്രമേയത്തെ എതിര്‍ത്ത എം.എല്‍.എയോട് രാജിവെക്കാന്‍ ആം ആദ്മി പാര്‍ട്ടി

തുടര്‍ന്ന് എന്തിനാണ് യാത്രക്കാരെ വലയ്ക്കുന്നതെന്ന് ചോദിച്ച കളക്ടര്‍ അധികൃതരെയും പൊലീസിനെയും വിളിച്ച് വരുത്തുകയും ടോള്‍ ബുത്ത് തുറന്ന് കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒന്നരകിലോമീറ്ററിലധികം ഗതാഗതകുരുക്ക് ഉണ്ടായിട്ടും വാഹനങ്ങള്‍ എന്താണ് കടത്തിവിടാത്തതെന്ന് കളക്ടര്‍ പൊലീസിനോട് ചോദിച്ചു.

തുടര്‍ന്ന് കുരുക്കില്‍ അകപ്പെട്ട വാഹനങ്ങള്‍ മുഴുവന്‍ കടത്തിവിട്ട് ഗതാഗതക്കുരുക്ക് പൂര്‍ണമായി പരിഹരിച്ച ശേഷമാണ് കളക്ടര്‍ അനുപമ മടങ്ങിയത്. അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ കാത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ വണ്ടികള്‍ കാത്ത് നിര്‍ത്താതെ വാഹനങ്ങള്‍ കടത്തി വിടണമെന്നാണ് ചട്ടം.

Also Read  ഫാന്‍ വാങ്ങി; ഗ്രേറ്റ് കേരള ഷോപ്പിംങ്ങ് ഉത്സവത്തിലൂടെ ചന്ദ്രബാബുവിന് ഒരു കോടി രൂപയുടെ ഫ്‌ളാറ്റ്

പാലിയേക്കര പ്രശ്നവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഇപ്പോഴുള്ളത് മുപ്പതിലധികം കേസുകളാണ്. കേസുകള്‍ എങ്ങുമെത്താതെ നീണ്ടു പോകുകയാണ്.നിര്‍മ്മാണം കഴിഞ്ഞ് 5 വര്‍ഷം പിന്നിടുമ്പോഴേക്കും ചിലവായതിന്റെ 65 ശതമാനവും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (GIPL) എന്ന കമ്പനി പിരിച്ചെടുത്തുവെന്നാണ് 2017ലെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

ടോള്‍ പ്ലാസയിലൂടെ പ്രതിദിനം ശരാശരി 24,000 വാഹനങ്ങളാണ് കടന്നു പോകുന്നുവെന്നാണ് 2017ലെ കണക്ക്. 2015ലെ വിവരാവകാശ രേഖ പ്രകാരമുള്ള കണക്കില്‍ 26 ലക്ഷമാണ് പ്രതിദിന വരുമാനം. 721.17 കോടി രൂപയാണ് കമ്പനിക്ക് ഇതുവരെ ചിലവായത് അതില്‍ 454.89 കോടി രൂപ ഇതുവരെ പിരിച്ചെടുത്തു.
DoolNews Video