Entertainment
ജർമനിയിൽ നിന്നും എമ്പുരാൻ കാണാൻ വേണ്ടി മാത്രം നാട്ടിൽ വന്നവരെ പരിചയപ്പെട്ടു: ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 28, 08:19 am
Friday, 28th March 2025, 1:49 pm

ലൂസിഫറും എമ്പുരാനും തുടങ്ങി വെച്ച കഥാപാത്രം എന്ന നിലയിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് നടൻ ഇന്ദ്രജിത്ത്. ലോകമെമ്പാടുമുള്ള എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്ന ആദ്യത്തെ മലയാള സിനിമാണ് എമ്പുരാനെന്നും അതിന് ഒരുപാട് സന്തോഷമുണ്ടെന്നും ഇന്ദ്രജിത്ത് പറയുന്നു.

ജർമനിയിൽ റിലീസ് ഉണ്ടായിട്ടും സിനിമ കാണാൻ വേണ്ടി മാത്രം നാട്ടിലേക്ക് വന്ന കുട്ടികളെ പരിചയപ്പെട്ടുവെന്നും ഇന്ദ്രജിത്ത് പറഞ്ഞു. തങ്ങളൊക്കെ വിചാരിച്ചതിനും അപ്പുറത്തേക്ക് സിനിമ വളർന്നുവെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു.

എമ്പുരാൻ്റെ പ്രമോഷൻ്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്ത്.

‘ഏതായാലും ഈ കഥ തുടങ്ങിവെച്ച് കഥാപാത്രം എന്ന നിലയ്ക്ക് എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്ന ആദ്യത്തെ മലയാള സിനിമയാണ് എമ്പുരാനെന്നാണ് എൻ്റെ വിശ്വാസം.

കാരണം ഞാൻ ഇന്ന് ദൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന സമയത്ത് എയർപോർട്ടിൽ കുറച്ചുപേരെ കണ്ടു. സ്റ്റുഡൻസ് ആണെന്ന് തോന്നുന്നു. അവരെ പരിചയപ്പെട്ടു. അവർ ജർമനിയിൽ നിന്ന് വരികയാണെന്ന് തോന്നുന്നു. ജർമനിയിൽ നിന്ന് ദൽഹിയിൽ എത്തി അവിടെ നിന്നും കൊച്ചിയിൽ വരികയാണ്.

അപ്പോൾ ഞാൻ അവരോട് സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ഞങ്ങൾ വീക്കെൻഡ് ആയിട്ട് വന്നതാണ് ചേട്ടാ. ഞങ്ങൾ പടം കാണാൻ വേണ്ടി വന്നതാണ്. അപ്പോൾ ജർമനിയിൽ സിനിമ റിലീസ് ആകുന്നുണ്ടല്ലോ എന്ന് ഞാൻ ചോദിച്ചു. അങ്ങനെയല്ല ഇവിടെ വന്ന് ഈ ഉത്സവത്തിനിടിൽ ഇതിൻ്റെ ഭാഗമായി ഈ സിനിമ കാണണം. അതിന് വേണ്ടി വന്നതാണ്. തിങ്കളാഴ്ച തിരിച്ചു പോകുമെന്ന്.

അപ്പോൾ അത് ശരിക്കും ഒരു ഭയങ്കര വണ്ടർ ആണ്. ഞങ്ങളൊക്കെ വിചാരിച്ചതിലും അപ്പുറം ഈ സിനിമ ഇപ്പോൾ തന്നെ വളർന്നു കഴിഞ്ഞു,’ ഇന്ദ്രജിത്ത് പറയുന്നു.

Content Highlight: I met people who came to my country from Germany just to see Empuran says Indrajith