Film News
'അതിനുള്ള കെല്‍പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല'; എമ്പുരാനെ പിന്തുണച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ റിലീസിന് എത്തിയത്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ സിനിമ ആരംഭിച്ചത് 2002ലെ ഗുജറാത്ത് കലാപം കാണിച്ചു കൊണ്ടായിരുന്നു.

സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്‍ ഗുജറാത്ത് കലാപമായിരുന്നു പശ്ചാത്തലം. ഗുജറാത്ത് കലാപത്തിന് കാരണക്കാരായവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവനയടക്കം എമ്പുരാനില്‍ ഉണ്ടായിരുന്നു.

അതോടെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി എത്തിയ എമ്പുരാന്‍ ആദ്യ ഷോയ്ക്ക് പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണം നേരിട്ടു. ഗുജറാത്ത് കലാപത്തെ കുറിച്ച് പറഞ്ഞ വസ്തുതകള്‍ ചില തീവ്രവലതുപക്ഷക്കാരെ ചൊടിപ്പിക്കുകയായിരുന്നു.

നായകനായ മോഹന്‍ലാലും സംവിധായകനായ പൃഥ്വിരാജ് സുകുമാരനും തിരക്കഥ ഒരുക്കിയ മുരളി ഗോപിയും പല ഭാഗങ്ങില്‍ നിന്നുള്ള വ്യാപകമായ സൈബര്‍ ആക്രമണമാണ് നേരിട്ടത്. പിന്നാലെ സിനിമയെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ടും അല്ലാതെയും നിരവധി പേര്‍ മുന്നോട്ട് വന്നിരുന്നു.

ഇപ്പോള്‍ എമ്പുരാനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് രാഹുല്‍ പറയുന്നത്.

കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്’ വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ എന്നും അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:

‘ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു. കെ.ജി.എഫും പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ലും അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എംബുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേരറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ടെന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്’ വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്.

ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ. എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല, തരുകയുമില്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത്. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട.

അതുകൊണ്ട് വിട്ടുപിടി മോനെ. അപ്പച്ചട്ടിയില്‍ അരി വറക്കരുതെ. തൊട്രാ പാക്കലാം….


Content Highlight: Rahul Mamkootathil Supports Empuraan Movie And Mohanlal