Entertainment
കഥ കേള്‍ക്കാതെയാണ് ഞാന്‍ അയാളുടെ സിനിമകള്‍ ചെയ്യുന്നതെന്ന് പറയുന്നത് തെറ്റാണ്: മോഹന്‍ലാല്‍

മലയാളികള്‍ എല്ലാകാലവും ആഘോഷിക്കുന്ന നടനാണ് മോഹന്‍ലാല്‍. 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന നടന്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായവും അണിഞ്ഞു.

മോഹന്‍ലാലിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ് പ്രിയദര്‍ശന്‍. കോളേജ് കാലം തൊട്ടുള്ള സൗഹൃദം ഇരുവരും ഇന്നും തുടര്‍ന്ന് പോരുന്നുണ്ട്. പ്രിയദര്‍ശന്റെ ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ഇരുവരും ഒന്നിച്ചപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ക്ലാസിക്കുകളാണ്.

ചിത്രം, കിലുക്കം, താളവട്ടം, വന്ദനം തുടങ്ങി മലയാളികള്‍ ഇന്നും നെഞ്ചിലേറ്റുന്ന സിനിമകള്‍ ഈ കോമ്പോയാണ് സമ്മാനിച്ചത്. പ്രിയദര്‍ശന്റെ സിനിമകളില്‍ കഥ കേള്‍ക്കാതെയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന പ്രസ്താവനയോട് പ്രതികരിക്കുകയാണ് മോഹന്‍ലാല്‍. കഥ കേള്‍ക്കാതെയാണ് അഭിനയിക്കുന്നതെന്ന് പറയുന്നത് തെറ്റാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

കഥയെക്കുറിച്ചുള്ള ഐഡിയ പ്രിയദര്‍ശന്‍ പറയാറുണ്ടെന്നും അത് വെച്ചാണ് ഓരോ സിനിമയും തുടങ്ങുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സ്‌ക്രിപ്റ്റില്ലാതെയാണ് പലപ്പോഴും പ്രിയദര്‍ശന്‍ സിനിമ ചെയ്യാറുള്ളതെന്നും ഷൂട്ടിനനുസരിച്ച് സ്‌ക്രിപ്റ്റ് ഡെവലപ്പ് ചെയ്യുന്നതാണ് പതിവെന്നും മോഹന്‍ലാല്‍ പറഞ്ഞു. രണ്ട് സിനിമകള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ ചെയ്യുന്ന 100ാമത്തെ സിനിമയില്‍ താനാകും നായകനെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘പ്രിയദര്‍ശന്‍ എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. അയാളുടെ സിനിമകളില്‍ കഥ കേള്‍ക്കാതെയാണ് ഞാന്‍ അഭിനയിക്കുന്നതെന്ന് പറയുന്നത് തെറ്റാണ്. സിനിമയെക്കുറിച്ചുള്ള ഐഡിയ എപ്പോഴും പ്രിയന്റെയുള്ളില്‍ ഉണ്ടാകും. ആ ഐഡിയ എന്നോടും പറയാറുണ്ട്. സ്‌ക്രിപ്റ്റില്ലാതെയാണ് ഷൂട്ട് തുടങ്ങുക. ഷൂട്ട് മുന്നോട്ടുപോകുന്നതിനനുസരിച്ച് സ്‌ക്രിപ്റ്റ് ഡെവലപ് ചെയ്യും.

ആദ്യ സിനിമയിലൊക്കെ അങ്ങനെയായിരുന്നു. പ്രിയന്റെ ആദ്യസിനിമയില്‍ ഞാനായിരുന്നു നായകന്‍. രണ്ട് സിനിമ കൂടി കഴിഞ്ഞാല്‍ പ്രിയന്റെ 100ാമത്തെ സിനിമയാകും. അതിലും ഞാന്‍ തന്നെയാണ് ഹീറോ. ഒരു സംവിധായകന്റെ ആദ്യസിനിമയിലും നൂറാമത്തെ സിനിമയിലും ഒരേ നായകന്‍ എന്ന നേട്ടം അതിലൂടെ കിട്ടാന്‍ പോവുകയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about his friendship with Priyadarshan