ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. ഐ.പി.എല്ലിന് ശേഷം അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തും.
ഈ പരമ്പരയിലെ ജേതാക്കള്‍ക്ക് വിഖ്യാതമായ പട്ടൗഡി ട്രോഫി ലഭിക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ സ്മരണാര്‍ത്ഥം നല്‍കിവരുന്ന ഈ ട്രോഫി ‘വിരമിക്കുകയാണെന്നാണ്’ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ ഇംഗ്ലണ്ടിലെത്തി കളിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ജേതാക്കള്‍ക്കാണ് പട്ടൗഡി ട്രോഫി നല്‍കി വരുന്നത്.
പട്ടൗഡി ട്രോഫി
2007ലാണ് പട്ടൗഡി ട്രോഫി രംഗപ്രവേശം ചെയ്തത്. രണ്ട് പതിറ്റാണ്ടിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടിലെത്തി ടെസ്റ്റ് പരമ്പര നേടിയെന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ടായിരുന്നു. ഇന്ത്യ ആദ്യമായും അവസാനമായും കിരീടം നേടിയത് അഥവാ, ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയത് ഈ പര്യടനത്തിലായിരുന്നു.
പട്ടൗഡി ട്രോഫിയുമായി ഇന്ത്യ
ശേഷം മൂന്ന് പരമ്പരകള്‍ ഇന്ത്യ ഇംഗ്ലണ്ടിലെത്തി കളിച്ചെങ്കിലും വിജയം ആതിഥേയര്‍ക്കൊപ്പം നിന്നു. ഒടുവില്‍ നടന്ന പര്യടനത്തില്‍ പരമ്പര സമനിലയിലാവുകയും ത്രീ ലയണ്‍സ് കിരീടം നിലനിര്‍ത്തുകയും ചെയ്തു.
ഈ വര്‍ഷം ജൂണില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ജേതാക്കള്‍ക്ക് പട്ടൗഡി ട്രോഫി നല്‍കില്ലെന്നും, ഈയിടെ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇതിഹാസങ്ങളുടെ പേരിലായിരിക്കും പുതിയ ട്രോഫിയെന്നുമാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
🚨 PATAUDI TROPHY TO RETIRE. 🚨
– The new trophy for the India Vs England Test series likely to be named after a recent legend. (Cricbuzz). pic.twitter.com/Cxx5411Fds
— Mufaddal Vohra (@mufaddal_vohra) April 1, 2025
എന്തുകൊണ്ടാണ് പട്ടൗഡി ട്രോഫി കളമൊഴിയുന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. ഏതൊരു ട്രോഫിയായലും കുറച്ച് സമയത്തിന് ശേഷം എല്ലാ കിരീടങ്ങളും ഇത്തരത്തില്‍ പടിയിറങ്ങുന്നത് സാധാരണമെന്നാണ് പട്ടൗഡിയുടെ കുടുംബം വ്യക്തമാക്കുന്നത്.
1961നും 1975നുമിടയില്‍ ഇന്ത്യയ്ക്കായി 46 ടെസ്റ്റുകള്‍ കളിച്ച താരമാണ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി. ഇതില്‍ 40 ടെസ്റ്റുകളിലും അദ്ദേഹമാണ് ഇന്ത്യയെ നയിച്ചത്. 34.91 ശരാശരിയില്‍ ആറ് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയുമടക്കം 2,793 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.
മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി
1967ല്‍ ന്യൂസിലാന്‍ഡിനെതിരെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യമായി ഓവര്‍സീസ് വിജയം രുചിച്ചത്. ഇംഗ്ലണ്ടില്‍ സസക്‌സിന് വേണ്ടിയും പട്ടൗഡി കളത്തിലിറങ്ങിയിരുന്നു.
അതേസമയം, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ തങ്ങളുടെ ആദ്യ മത്സരമാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തി കളിക്കുക. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ട്രാക്ക് റെക്കോഡുകളല്ല ഇന്ത്യയ്ക്കുള്ളത്. 1932 മുതല്‍ 19 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ മൂന്ന് പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.
വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.
ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.
ജോണി ബെയര്‍സ്റ്റോയുടെ വെടിക്കെട്ടിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.
ഇത്തവണ കൈവിട്ട വിജയം തിരിച്ചുപിടിക്കാന്‍ തന്നെയാകും ഇന്ത്യ ഒരുങ്ങുന്നത്.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2025
ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്‌ലി, ലീഡ്‌സ്.
രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.
മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്‌സ്, ലണ്ടന്‍.
നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.
Content Highlight: ENG vs IND: Reports says Pataudi Trophy is retiring