വാഷിങ്ടണ്‍: സര്‍വകലാശാലകളിലെ ജൂതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടിയുടെ ഭാഗമായി ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് അനുവദിച്ച ഫെഡറല്‍ കരാറുകളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് യു.എസ് സര്‍ക്കാരിന്റെ ഉത്തരവ്. ഇതിന്റെ ഭാഗമായി സര്‍വകലാശാലയുടെ 255 മില്യണ്‍ ഡോളറിന്റെ കരാറും വിവിധ വര്‍ഷങ്ങളിലായി അനുവദിച്ച 8.7 ബില്യണ്‍ ഡോളറിന്റെ ഗ്രാന്റും പരിശോധിക്കും.
വിദ്യാഭ്യാസ വകുപ്പ്, ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷന്, ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസ് എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിലാവും പരിശോധന നടത്തുക.
കാമ്പസിലെ വിദ്യാര്‍ത്ഥികളെ ജൂതവിരുദ്ധ വിവേചനത്തില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ഹാര്‍വാര്‍ഡ് പരാജയപ്പെട്ടെന്നും ഇത് സര്‍വകലാശാലയുടെ പ്രശസ്തിയെ തന്നെ അപകടത്തിലാക്കിയെന്നും വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹോണ്‍ പറഞ്ഞു.
അതേസമയം ഹാര്‍വാര്‍ഡിനുള്ള ധനസഹായം നിര്‍ത്തുകയാണെങ്കില്‍ അത് ജീവന് പോലും രക്ഷിക്കാന്‍ ഉതകുന്ന ശാസ്ത്ര ഗവേഷണങ്ങളെയും മറ്റ് നവീകരണങ്ങളെയും അപകടത്തിലാക്കുമെന്ന് ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന് ഗാര്‍ബര്‍ പറഞ്ഞു.
ഗസയില്‍ അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തെക്കുറിച്ചുള്ള വിമര്‍ശനത്തെയാണ് പലപ്പോഴും ട്രംപ് ഭരണകൂടം ജൂതവിരുദ്ധതയായി കണക്കാക്കുന്നത്. ഇതിന് പുറമെ ഫലസ്തീന് അവകാശങ്ങളെ പിന്തുണയ്ക്കുന്നതും ഹമാസിനോട് അനുകമ്പ കാണിക്കുന്നതും ജൂതവിരുദ്ധതയായി ട്രംപ് ഭരണകൂടം വിലയിരുത്തുന്നു.
ഈ മാസം വിദ്യാഭ്യാസ വകുപ്പ് ഹാര്‍വാര്‍ഡ് ഉള്‍പ്പെടെയുള്ള 60 സര്‍വകലാശാലകള്‍ക്ക് ഒരു കത്ത് അയച്ചിരുന്നു. അതില്‍ കാമ്പസുകള്‍ ജൂത വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പൗരാവകാശ നിയമപ്രകാരം അവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
യു.എസിലെ തന്നെ മറ്റൊരു സര്‍വകലാശാലയായ കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗ്രാന്റുകളും കരാറുകളും റദ്ദാക്കിയതിന് പിന്നാലെയാണ് ഹാര്‍വാര്‍ഡിനെതിരായ അന്വേഷണം.
മാര്‍ച്ച് ഏഴിനാണ് ട്രംപ് ഭരണകൂടം കൊളംബിയയുടെ 400 മില്യണ്‍ ഡോളറിന്റെ ഗ്രാന്റുകളും കരാറുകളും പിന്‍വലിച്ചത്. കൊളംബിയ യൂണിവേഴ്സിറ്റി അതിന്റെ കാമ്പസില്‍ അക്രമവും ജൂതവിരുദ്ധ പീഡനവും അനുവദിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി.
പിന്നീട് ഒരാഴ്ച്ച കഴിഞ്ഞ് കരാറുകളും ഗ്രാന്റുകളും തിരികെ ലഭിക്കുന്നതിന് സര്‍വകലാശാല പാലിക്കേണ്ട ആവശ്യങ്ങളുടെ ഒരു പട്ടിക ട്രംപ് ഭരണകൂടം പുറത്തിറക്കി.
മുഖംമൂടികള്‍ നിരോധിക്കുക, പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ അനുവദിക്കുക, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യന്‍, ആഫ്രിക്കന്‍ പഠന വകുപ്പിനെ ഒരു റിസീവര്ഷിപ്പിന്റെ നിയന്ത്രണത്തിലാക്കുക എന്നീ നിബന്ധനകള്‍ പാലിച്ചാല്‍ ഗ്രാന്റുകളും കരാറുകളും പുനസ്ഥാപിക്കാം എന്നായിരുന്നു തീരുമാനം. ഒടുവില്‍ ഇവയില്‍ ഭൂരിഭാഗവും പാലിക്കാം എന്ന് സര്‍വകലാശാല ഉറപ്പ് നല്കി.
Content Highlight: After Columbia, Trump moves to cut funding to Harvard over anti-Semitism allegations