Entertainment
കൂടെ അഭിനയിക്കാന്‍ ആഗ്രഹമുള്ള മലയാള നടന്‍; അദ്ദേഹത്തോടൊപ്പം ഇതുവരെ വര്‍ക്ക് ചെയ്തിട്ടില്ല: അര്‍ജുന്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 01, 05:43 am
Tuesday, 1st April 2025, 11:13 am

2012ല്‍ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടനാണ് അര്‍ജുന്‍ അശോകന്‍. നടന്‍ ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്‍ ഇന്ന് മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ്. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ടിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞ് 2017ലാണ് പറവ എന്ന സിനിമയിലൂടെ അദ്ദേഹം പ്രധാന വേഷത്തില്‍ എത്തുന്നത്.

ശേഷം നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചു. സിനിമക്ക് അകത്തും പുറത്തുമായി നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന നടന്‍ കൂടെയാണ് അര്‍ജുന്‍ അശോകന്‍. ഇപ്പോള്‍ താന്‍ ടൊവിനോ തോമസുമായി ഇതുവരെ അഭിനയിച്ചിട്ടില്ലെന്നും അദ്ദേഹവുമായി ഒരു പടം ചെയ്താല്‍ കൊള്ളാമെന്ന് വലിയ ആഗ്രഹമുണ്ടെന്നും പറയുകയാണ് അര്‍ജുന്‍.

കൂടെ അഭിനയിക്കാന്‍ ആഗ്രഹമുള്ള മലയാള നടന്‍ ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അര്‍ജുന്‍ അശോകന്‍. തനിക്ക് സിനിമയില്‍ എല്ലാവരെയും ഇഷ്ടമാണെന്ന് പറയുന്ന നടന്‍ ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കൊതിയുണ്ടെന്നും പറഞ്ഞു.

‘എനിക്ക് സിനിമയില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍, എല്ലാവരെയും ഇഷ്ടമാണ്. പിന്നെ ഞാന്‍ ഇതുവരെ ടൊവിച്ചനുമായി ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് ടൊവിച്ചനുമായി ഒരു പടം ചെയ്താല്‍ കൊള്ളാമെന്നുണ്ട്.

പിന്നെ ഇപ്പോഴും എനിക്ക് വര്‍ക്ക് ചെയ്യാന്‍ കൊതിയുള്ളത് ആരുടെ കൂടെയാണെന്ന് ചോദിച്ചാല്‍, അത് സൗബിക്കയുടെയും ഡി.ക്യുവിന്റെയും ആസിക്കയുടെയും കൂടെയാണ്. സത്യത്തില്‍ എനിക്ക് അവരുടെ കൂടെ പടം ചെയ്യാന്‍ വലിയ കൊതിയുണ്ട്.

അവരുടെ മൂന്നുപേരുടെയും കൂടെ വര്‍ക്ക് ചെയ്യുന്നത് തന്നെ വളരെ നല്ല രസമാണ്. പലപ്പോഴും അവരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്ക് ചേട്ടന്മാരെ കിട്ടിയത് പോലെയാണ്. അവരുടെ കൂടെ സിനിമ ചെയ്യാന്‍ എനിക്ക് എപ്പോഴും ആഗ്രഹമുണ്ട്,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

Content Highlight: Arjun Ashokan Talks About Movie With Tovino Thoma