Entertainment
മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുന്നേ ലെന്‍സ് ഏതാണെന്ന് ചോദിക്കാന്‍ നടക്കുന്നു എന്ന് രാജുവിനെപ്പറ്റി പറഞ്ഞവരുണ്ട്: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 28, 08:44 am
Friday, 28th March 2025, 2:14 pm

കാലങ്ങളായി മലയാളികള്‍ കാണുന്ന മുഖമാണ് മല്ലിക സുകുമാരന്റേത്. കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരന്‍. സിനിമയില്‍ നിന്ന് ഇടക്ക് ഇടവേളയെടുത്ത മല്ലിക ടെലിവിഷന്‍ രംഗത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരികയും പിന്നീട് സിനിമയില്‍ സജീവമാവുകയും ചെയ്തു.

മക്കളായി പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. സൈനിക് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഇരുവരുടെയും നാടകം കാണാന്‍ താനും സുകുമാരനും പോകാറുണ്ടായിരുന്നെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. അവരുടെ അഭിനയം കണ്ടപ്പോള്‍ രണ്ടാളും സിനിമയിലെത്തുമെന്ന് സുകുമാരന്‍ പറഞ്ഞിരുന്നെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

അത് കേട്ട് തനിക്ക് സന്തോഷമായെന്നും ഇരുവരും പില്‍ക്കാലത്ത് സിനിമയിലേക്കെത്തിയെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ചെറുപ്പം തൊട്ടേ സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്നയാളായിരുന്നു പൃഥ്വിയെന്നും മല്ലിക പറയുന്നു. മനോജ് നൈറ്റ് ശ്യാമളന്റെ പുസ്തകങ്ങള്‍ വരുത്തി വായിക്കുമായിരുന്നെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ മേക്കിങ്ങിനെക്കുറിച്ച് അന്നേ പൃഥ്വിക്ക് നല്ല ധാരണയുണ്ടായിരുന്നെന്നും നടനായതിന് ശേഷം അത് കൂടിയെന്നും മല്ലിക പറഞ്ഞു. ഓരോ കാര്യത്തിലും സംശയം ചോദിക്കുന്ന പൃഥ്വിയെ പലരും പരിഹസിച്ചിരുന്നെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്‍ ഇക്കാര്യം പറഞ്ഞത്.

‘സൈനിക് സ്‌കൂളില്‍ പൃഥ്വിയുടെയും ഇന്ദ്രന്റെയും നാടകം കാണാന്‍ ഞാനും സുകുവേട്ടനും പോകുമായിരുന്നു. ‘മല്ലികേ, ഇവര് രണ്ടാളും എന്തായാലും സിനിമയലേക്ക് വരും’ എന്ന് സുകുവേട്ടന്‍ പറഞ്ഞിട്ടുണ്ട്. എനിക്ക് അത് കേട്ട് സന്തോഷമായി. രണ്ടുപേരും പിന്നീട് സിനിമയിലെത്തി. ചെറുപ്പം തൊട്ടേ സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങളെല്ലാം രാജു വായിക്കാറുണ്ട്.

 

 

മനോജ് ശ്യാമളന്‍ എന്ന പുള്ളിയുടെ പുസ്തകങ്ങള്‍ വരുത്തി വായിക്കുമായിരുന്നു. സിനിമയുടെ മേക്കിങ്ങിനെക്കുറിച്ചറിയാന്‍ പണ്ടേ ആകാംക്ഷയുണ്ടായിരുന്നു. നടനായതിന് ശേഷം അത് കൂടി. ഇത് പിടിക്കാത്ത ചില ആള്‍ക്കാരുണ്ടായിരുന്നു. ‘മുട്ടയില്‍ നിന്ന് വിരിഞ്ഞിട്ടില്ല, അവന്‍ ലെന്‍സ് ചോദിക്കാന്‍ നടക്കുന്നു’ എന്നൊക്കെ പറഞ്ഞ ആളുകളുണ്ട്,’ മല്ലിക സുകുമാരന്‍ പറയുന്നു.

Content Highlight: Mallika Sukumaran about Prithviraj’s direction skills