കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. അവസാനമായി പുറത്തിറങ്ങിയ രേഖാചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.
ആസിഫ് അലി തെരഞ്ഞെടുക്കുന്ന സംവിധായകര്‍ മുമ്പ് എടുത്തിട്ടുള്ള സിനിമകള്‍ കൊമേഴ്ഷ്യലി വിജയിച്ച ചിത്രങ്ങളായിരുന്നില്ല. എങ്കില്‍ പോലും അടുത്ത സിനിമയിലേക്ക് അവരുടെ കൂടെ നില്‍ക്കുന്നു. അവരില്‍ ഒരു വിശ്വാസവും അര്‍പ്പണവും കൊടുക്കുന്നു പിന്നീട് സിനിമകള്‍ എല്ലാം വീണ്ടും ഹിറ്റാകുന്നു. ഈ അഭിപ്രായത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ ആസിഫ് അലി.
സിനിമ വിജയിക്കുന്നതിന് ഒരുപാട് ഘടകങ്ങള്‍ ഉണ്ടെന്നും ഇവിടെയുള്ള പ്രേക്ഷകര്‍ വളരെ പര്‍ട്ടികുലറാണെന്നും ആസിഫ് അലി പറയുന്നു. രാജേഷ് പിളള ട്രാഫിക്കിന് മുമ്പ് സംവിധാനം ചെയ്ത ചിത്രം (ഹൃദയത്തില്‍ സൂക്ഷിക്കാന്‍) ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയാണെന്നും എന്നാല്‍ അദ്ദേഹത്തിന് പൊട്ടന്‍ഷ്യല്‍ ഉള്ളത് കൊണ്ടാണ് ട്രാഫിക് പോലൊരു സിനിമ അത്രയും വലിയ സ്റ്റാര്‍ കാസ്റ്റില്‍ ചെയ്തതെന്നും ആസിഫ് അലി പറയുന്നു. പ്രേക്ഷകര്‍ക്ക് നൂറ് ശതമാനം സംതൃപ്തി കിട്ടിയാല്‍ മാത്രമേ സിനിമ തിയേറ്ററില്‍ വിജയിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമ വിജയിക്കാന്‍ ഒരുപാട് ഫാക്ടേഴ്‌സുണ്ട്. രാജേഷ് പിള്ള ട്രാഫിക് സംവിധാനം ചെയ്യുന്നതിന് മുമ്പ് ചെയ്ത സിനിമ അത്ര ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ കഴിവിലും ഗംഭീരമായിട്ട് ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തിലുമാണ് ട്രാഫിക് പോലെ വലിയൊരു സിനിമ രണ്ടാമത്തെ സിനിമയായിട്ട് അത്രയും വലിയൊരു സ്റ്റാര്‍ കാസ്റ്റില്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിഞ്ഞത്. എനിക്ക് തോന്നുന്നത് ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോഴാണ് അയാളുടെ പൊട്ടെന്‍ഷ്യല്‍ എന്താണെന്ന് മനസിലാകുക. പിന്നെ സിനിമ തിയേറ്ററില്‍ വിജയിക്കുക എന്നതിന് ഒരുപാട് ഫാക്ടേഴ്‌സുണ്ട്.
നമ്മുടെ പ്രേക്ഷകര്‍ വളരെ പര്‍ട്ടിക്കുലറാണ്. അവരെ നൂറുശതമാനം തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ആ സിനിമ വിജയിക്കുകയുള്ളൂ. അത് കൊണ്ട് ആദ്യത്തെ സിനിമയില്‍ എന്തെങ്കിലും ഒരു നോട്ട കുറവ് കൊണ്ടോ നമ്മള്‍ അഡ്രസ് ചെയ്യാതെ പോയ ഒരു പോയിന്റ് കൊണ്ട് സിനിമക്ക് ഒരു മോശം സംഭവിച്ചിട്ടുണ്ടെങ്കില്‍ അടുത്ത സിനിമയില്‍ സംവിധായകന്‍ അത് തിരുത്താന്‍ പറ്റുമെന്ന് വിശ്വാസമുണ്ടെങ്കില്‍ വീണ്ടും അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റും,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif ali about cinema’s success and Rajesh pilla