Sports News
ഇപ്പോഴുള്ള ടി20 താരങ്ങളില്‍ ഏറ്റവും മികച്ച കളിക്കാരനാണവന്‍: ലക്‌നൗ താരത്തെ പുകഴ്ത്തി വസീം ജാഫര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 13, 07:49 am
Sunday, 13th April 2025, 1:19 pm

മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്പ്പിച്ച് ഐ.പി.എല്ലില്‍ വിജയക്കുതിപ്പ് തുടരുകയാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കഴിഞ്ഞദിവസം ഹോം ഗ്രൗണ്ടായ എകാന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് സൂപ്പര്‍ ജയന്റ്‌സ് വിജയം സ്വന്തമാക്കിയത്. ഈ സീസണില്‍ ലക്‌നൗവിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് വീരന്‍ നിക്കോളാസ് പൂരന്റെ പ്രകടനമാണ് ലക്‌നൗവിനെ വിജയിപ്പിച്ചത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന് ഡൊമസ്റ്റിക് ക്രിക്കറ്റ് ലെജന്‍ഡ് വസീം ജാഫര്‍. വളരെ വ്യത്യസ്തമായ ലീഗാണ് നിക്കോളസ് പൂരന്റേതെന്ന് വസീം ജാഫര്‍ അഭിപ്രായപ്പെട്ടു. പവര്‍ ഹിറ്റിങ്ങിന്റെ കാര്യത്തില്‍ പൂരനോളം പോന്ന മറ്റൊരു കളിക്കാരനില്ലെന്നും വസീം ജാഫര്‍ പറഞ്ഞു.

പേസ് ബൗളിങ്ങായാലും സ്പിന്‍ ബൗളിങ്ങായാലും ഏത് ഗ്രൗണ്ടിലും തന്റേതായ ശൈലിയില്‍ തകര്‍ത്തടിക്കുന്ന കളിക്കാരനാണ് നിക്കോളസ് പൂരനെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു. ടി20 ഫോര്‍മാറ്റില്‍ ഏതെങ്കിലുമൊരു ബാറ്ററെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ നിക്കോളസ് പൂരനാണ് ഇപ്പോഴുള്ളതില്‍ ബെസ്‌റ്റെന്നും വസീ ജാഫര്‍ പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു വസീം ജാഫര്‍.

‘അവന്‍ മറ്റൊരു ലീഗാണ്, അത് മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമാണ്. പവര്‍ ഹിറ്റിങ്ങിന്റെ കാര്യത്തില്‍ അവനോളം പോന്ന മറ്റൊരു കളിക്കാരനില്ലെന്ന് തന്നെ പറയേണ്ടി വരും. പേസ് ബൗളിങ്ങായാലും, സ്പിന്‍ ബൗളിങ്ങായാലും അവന് അതൊരു പ്രശ്‌നമല്ല. ഏത് ഗ്രൗണ്ടിലും അവന്റേതായ ശൈലിയില്‍ തകര്‍ത്തടിക്കുകയാണ്.

ഇപ്പോഴുള്ള ടി20 കളിക്കാരില്‍ ഒരു ബാറ്ററെ മാത്രം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ എന്റെ ഒരേയൊരു ഓപ്ഷന്‍ നിക്കോളസ് പൂരനായിരിക്കും. അവന്റെ വീക്ക്‌നെസ്സ് എന്താണെന്ന് അവന്‍ തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്,’ വസീം ജാഫര്‍ പറയുന്നു.

ഇന്നലത്തെ മത്സരത്തിലെ പ്രകടനത്തോടെ ഓറഞ്ച് ക്യാപ്പും നിക്കോളസ് പൂരന്‍ സ്വന്തമാക്കി. ആറ് മത്സരങ്ങളില്‍ നിന്ന് 349 റണ്‍സാണ് കരീബിയന്‍ വീരന്‍ നേടിയത്. ആറ് കളികളില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറി സ്വന്തമാക്കാനും നിക്കോളസ് പൂരന് സാധിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ സായ് സുദര്‍ശന്റെയും ശുഭ്മന്‍ ഗില്ലിന്റെയും അര്‍ധ സെഞ്ച്വറിയാണ് ഗുജറാത്തിനെ മികച്ച ടോട്ടലിലേക്ക് എത്തിച്ചത്. ലക്‌നൗവിനായി ഷര്‍ദൂല്‍ താക്കൂറും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗവിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രം കാഴ്ചവെച്ചത്. 31 പന്തില്‍ 58 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ റിഷബ് പന്ത് ഈ മത്സരത്തിലും നിരാശപ്പെടുത്തി. ഗുജറാത്ത് ബൗളിങ് നിരയില്‍ പ്രസിദ്ധ് കൃഷ്ണ നാലോവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. ഏപ്രില്‍ 14ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് ലക്‌നൗവിന്റെ അടുത്ത മത്സരം.

Content Highlight: Wasim Jaffer saying Nicholas Pooran is the best T20 batter in recent times