Advertisement
Entertainment
സ്‌ക്രിപ്റ്റ് അറിയാം ക്യാരക്ടര്‍ അറിയാം ഒരു ത്രഡ് അങ്ങ് പിടിച്ച് ഞാന്‍ ഇത് ചെയ്യുമെന്ന് മമ്മൂക്ക പറഞ്ഞു: ഗൗതം വാസുദേവ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 21, 03:57 am
Monday, 21st April 2025, 9:27 am

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച അദ്ദേഹം 2001ല്‍ പുറത്തിറങ്ങിയ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഒരു സ്വതന്ത്രസംവിധായകനായി എത്തുന്നത്.

പിന്നീട് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ അദ്ദേഹം തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഗൗതം വാസുദേവ് മേനോന്‍ അഭിനയിച്ച് തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

ഇപ്പോള്‍ സിനിമയില്‍ സ്റ്റാര്‍ കാസ്റ്റിങ്ങ് ബുദ്ധിമുട്ടുള്ള കാര്യമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍.

ഒരു താരത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ എളുപ്പമാണെങ്കില്‍ അവരെ കാസ്റ്റ് ചെയ്യുന്നതിലും ബുദ്ധിമുട്ടില്ലെന്നും കമല്‍ ഹാസന്റെ കൂടെ താന്‍ പ്രവര്‍ത്തിച്ചപ്പോള്‍ അത് വളരെ നല്ലൊരു അനുഭവമായിരുന്നുവെന്നും ഗൗതം വാസുദേവ് പറയുന്നു. മമ്മൂട്ടിയുടെ കൂടെ ബസൂക്കയിലുള്ള അനുഭവവും തനിക്ക് അങ്ങനെ തന്നെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസൂക്കയുടെ ഷൂട്ടിന് മുന്നോടിയായി എഴുത്തുക്കാരന്‍ മമ്മൂട്ടിയോട് താങ്കള്‍ എങ്ങനെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ചോദിച്ചിരുന്നുവെന്നും ഒരു മൂഡ് പിക്കപ്പ് ചെയ്ത് അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചുവെന്നും ഗൗതം വാസുദേവ് മേനോന്‍ പറയുന്നു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സ്റ്റാര്‍ ഡിഫിക്കള്‍ട് അല്ലെങ്കില്‍ സിനിമയില്‍ അവരെ കാസ്റ്റ് ചെയ്യാനും ബുദ്ധിമുട്ടില്ല. ഞാന്‍ കമല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ അത് വെല്ലുവിളിയുള്ള ഒന്നായിരുന്നു. പക്ഷേ അതേ സമയം ഒരു വളരെ നല്ല അനുഭവമായിരുന്നു. എല്ലാ ദിവസവും ഞാന്‍ ആകാംഷയോടെ നോക്കും നാളെ പുതിയതായി എന്ത് ചെയ്യാന്‍ കഴിയുമെന്ന്.

മമ്മൂട്ടി സാറിന്റെ കൂടെ വര്‍ക്ക് ചെയ്തതും എനിക്ക് വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. എല്ലാ ദിവസും ഒരുപാട് ചര്‍ച്ചകള്‍ നടക്കും. വളരെ ഈസിയായിട്ടാണ് ആ കഥാപാത്രത്തിലേക്ക് അദ്ദേഹം മാറുന്നത്. സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് റൈറ്റര്‍ മമ്മൂട്ടി സാറിനോട് ചോദിച്ചു. ഈ കഥാപാത്രം സാര്‍ എങ്ങനെയാ അവതരിപ്പിക്കാന്‍ പോകുന്നത് എന്ന്.

‘എനിക്ക് അറിയില്ല. എനിക്ക് സ്‌ക്രിപ്റ്റ് അറിയാം ക്യരക്ടര്‍ അറിയാം നാളെ ഒരു മൂഡ് എന്താണന്നെ് നോക്കിയിട്ട് ഞാന്‍ ഒരു ത്രഡ് പിടിക്കും അത് വെച്ചിട്ട് ഞാന്‍ പോകും’ ഇങ്ങനെയാണ് സര്‍ പറഞ്ഞത്. അത് എനിക്ക് വലിയൊരു പാഠമായിരുന്നു. അടുത്ത ദിവസം മമ്മൂട്ടി സാര്‍ സെറ്റിലേക്ക് വന്നു. നമ്മള്‍ ഇങ്ങനെയൊക്കയാണ് ഡയലോഗ് എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി സാറ് ഒരു മൂഡ് പിക്കപ്പ് ചെയ്തു. അതാണ് സര്‍ സിനിമയില്‍ ഉടനീളം നിലനിര്‍ത്തിയത്. അതുകൊണ്ട് തന്നെ ഒരു താരത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് എളുപ്പമാണ്, അവര്‍ ഡിഫിക്കള്‍ട് അല്ലെങ്കില്‍,’ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.

content Highlight: Gautham Vasudev Menon talks about whether it is difficult to cast a star in a film