ഐ.പി.എല്‍ 2025ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരത്തില്‍ ലഖ്നൗവിന് ജയം. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നാണ് സൂപ്പര്‍ ജയന്റ്സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഷര്‍ദുല്‍ താക്കൂറിന്റെ ഫോര്‍ഫറും നിക്കോളാസ് പൂരന്‍, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറികളുമാണ് ലഖ്നൗവിന് വിജയം സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീമിന് തുടക്കം പാളിയിരുന്നു. ഓറഞ്ച് ആര്‍മിയുടെ സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയത്.
സൂപ്പര്‍ താരം ട്രാവിസ് ഹെഡ്, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ പ്രകടനമാണ് ഓറഞ്ച് ആര്‍മിക്ക് മോശമല്ലാത്ത ടോട്ടല്‍ സമ്മാനിച്ചത്. ഇവര്‍ക്കൊപ്പം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തകര്‍പ്പന്‍ കാമിയോയും ടീം ടോട്ടലില്‍ നിര്‍ണായകമായിരുന്നു.
വിജയ ലക്ഷ്യം പിന്തുടരുന്ന ലഖ്നൗ വിനെതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം ഓവറില്‍ തന്നെ ലഖ്നൗ ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രമിനെ മുഹമ്മദ് ഷമി പുറത്താക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന പൂരന്റെയും ഓപ്പണര്‍ മാര്‍ഷിന്റെയും വെടിക്കെട്ടിന് മുന്നില്‍ ഹൈദരാബാദിന് ഒന്നും ചെയ്യാനായില്ല.
ഇപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മത്സരത്തിലെ സമീപനം ചോദ്യം ചെയ്യുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. നമ്മള്‍ ഇപ്പോഴും ഹൈദരാബാദിന്റെ ബാറ്റിങ്, ശക്തി, അവര്‍ നേടുന്ന സ്‌കോറുകള്‍ എന്നിവ മാത്രമാണ് സംസാരിക്കുന്നതെന്ന് വോണ്‍ പറഞ്ഞു. ബൗളര്‍മാരുടെ ആത്മ വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ വോണ്‍ ലഖ്നൗവിനെതിരെയുള്ള ബൗളര്‍മാരുടെ പ്രകടനം ചൂണ്ടി കാണിച്ചു.
വളരെ അഗ്രസീവായതിനാലാണ് ലഖ്നൗവിനെതിരെ തോറ്റതെന്നും ഫ്രാഞ്ചൈസി ലീഗുകളിലോ പ്രധാന ടൂര്‍ണമെന്റുകളിലോ ഒരേ ശൈലിയില്‍ മാത്രം കളിച്ചുകൊണ്ട് ഒരു ടീം ഇതുവരെ ജയിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല എന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു. ക്രിക് ബസ്സില്‍ സംസാരിക്കുകയായിരുന്നു ഇംഗ്ലണ്ട് മുന്‍ നായകന്‍.
‘ഹൈദരാബാദിന്റെ ബാറ്റിങ്, ശക്തി, അവര്‍ നേടുന്ന വലിയ സ്‌കോറുകള്‍ എന്നിവയെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം. കാരണം, അവരുടെ ബൗളര്‍മാര്‍ ഈ വഴിയിലാണ് പന്തെറിയുന്നത്. നിങ്ങള്‍ അവരുടെ ബൗളിങ് പ്രകടനങ്ങള്‍ നോക്കൂ. പാറ്റ് കമ്മിന്‍സ് ഇന്ന് രാത്രി നന്നായി ചെയ്തു. പക്ഷേ ആദ്യ മത്സരത്തില്‍ അദ്ദേഹം 60 റണ്‍സാണ് വിട്ടുകൊടുത്തത്.
ലഖ്നൗവിനെതിരെ സാംപ ശരിക്കും തകര്‍ന്നു പോയി. ഷമി ഇന്ന് 12 എക്കോണമിയിലാണ് പന്തെറിഞ്ഞത്. അതുകൊണ്ട് നിങ്ങളുടെ ബൗളിങ് ആക്രമണത്തില്‍ ശ്രദ്ധിക്കണം, അവര്‍ നിങ്ങളുടെ ഹോം വേദിയില്‍ മാത്രമല്ല പന്തെറിയുന്നത്. എന്നിട്ട് പെട്ടെന്ന് ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ അവര്‍ക്ക് ആത്മവിശ്വാസം ഇല്ല.
ഒരു ടീമും ഒരേ ശൈലിയിലുള്ള ക്രിക്കറ്റ് മാത്രം കളിക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. സണ്‍റൈസേഴ്സ് ഈ ഒരു ശൈലിയിലുള്ള ക്രിക്കറ്റ് മാത്രം കളിക്കുമോ എന്ന് എനിക്ക് ആശങ്കയുണ്ട്. നിങ്ങള്‍ക്ക് കഴിയുമ്പോഴെല്ലാം അഗ്രസ്സീവായി കളിക്കാം. പക്ഷേ എപ്പോഴും അത് സാധ്യമാകണമെന്നില്ല.
അവര്‍ വളരെ അഗ്രസീവായതിനാലാണ് ലഖ്നൗവിനെതിരെ തോറ്റത്. ഹൈദരാബാദ് കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം കളിച്ചിരുന്നെങ്കില്‍, അവര്‍ക്ക് 220, 230 റണ്‍സ് കിട്ടുമായിരുന്നില്ലേ? പക്ഷേ, ഫ്രാഞ്ചൈസി ലീഗുകളിലോ പ്രധാന ടൂര്‍ണമെന്റുകളിലോ ഒരേ ശൈലിയില്‍ മാത്രം കളിച്ചുകൊണ്ട് ഒരു ടീം ഇതുവരെ ജയിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല,’ വോണ്‍ പറഞ്ഞു.
content highlights: You can’t win tournaments if you play in the same style, which was the reason for Hyderabad’s defeat; Vaughan said openly