മുംബൈ: പാല്‍ഘറില്‍ സന്യാസിമാര്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ റിപബ്ലിക്ക് ടിവി എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 108-ാം വകുപ്പുപ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പൊലീസിന്റെയും മുമ്പാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കലാപത്തിനുള്ള ആഹ്വാനം, വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്.
ഏപ്രില്‍ 16ന് നടന്ന പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 21ന് റിപ്പബ്ലിക് ടി.വിയില്‍ പുച്ഛാ ഭാരത് എന്ന ഷോ നടത്തിയിരുന്നു.
ഹിന്ദു ആവുന്നതും കാവി വസ്ത്രം ധരിക്കുന്നതും കുറ്റമാണോ? ഇവിടെ ഹിന്ദുക്കളായിരുന്നില്ല ഇരകള്‍ എങ്കില്‍ ഇതുപോലെ തന്നെ ആളുകള്‍ മിണ്ടാതിരിക്കുമായിരുന്നോ? എന്നായിരുന്നു ചര്‍ച്ചക്കിടെ അര്‍ണാബ് ചോദിച്ചത്.
അര്‍ണാബിന്റെ അഭിപ്രായം ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മില്‍ സാമുദായിക സ്പര്‍ധയും വിദ്വേഷവും സൃഷ്ടിക്കാവുന്നതാണെന്നും ഷോ യൂട്യൂബില്‍ ശക്തമായ പ്രതികരണങ്ങള്‍ ഉളവാക്കിയെന്നും നോട്ടീസില്‍ പറയുന്നു.
കൊറോണ ഭീഷണി നിലനില്‍ക്കുന്നത് കൊണ്ടുമാത്രമാണ് കലാപം നടക്കാതിരുന്നതെന്നും എന്നാല്‍ അര്‍ണാബിന്റെ പ്രതികരണങ്ങള്‍ സാമുദായിക ഐക്യത്തിനും ക്രമസമാധാനത്തിനും ഭീഷണിയുയര്‍ത്തുന്നതാണെന്നും അതിനാല്‍ നടപടി അനിവാര്യമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വര്‍ഗീയ കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചാനലിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ഉറപ്പുനല്‍കുന്ന ബോണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് അത് നല്‍കിയില്ലെന്നും പൊലീസ് ചോദിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക