World News
യുദ്ധത്തിനിടെ മാതാപിതാക്കളെ നഷ്‍ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ഫലസ്തീനികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 18, 01:46 pm
Tuesday, 18th February 2025, 7:16 pm

ഗസ: ഇസ്രഈൽ-ഫലസ്തീൻ സംഘർഷത്തിനിടെ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞിനെ ദത്തെടുക്കാൻ ഫലസ്തീൻ ദമ്പതികൾ. റാമി അരൂക്കിയും ഇമാനുമാണ് കുഞ്ഞിനെ ദത്തെടുക്കുന്നത്.

വിവാഹം കഴിഞ്ഞ് 23 വർഷം പിന്നിട്ടിട്ടും ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് ഇവർ കുഞ്ഞിനെ ദത്തെടുക്കാൻ ശ്രമങ്ങൾ തുടങ്ങിയത്.

2023 ഒക്ടോബർ മുതൽ ദമ്പതികൾ ദത്തെടുക്കൽ നടപടികൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് കുഞ്ഞിനെ സംബന്ധിച്ച വിവരങ്ങൾ ദമ്പതികൾ ആദ്യമായി അറിയുന്നത്.

തുടർന്ന് സാമൂഹിക വികസന മന്ത്രാലയം മുഖേന ദത്തെടുക്കൽ നടപടി ആരംഭിക്കുകയായിരുന്നു. കുഞ്ഞിന് ഈ സമയം രണ്ട് മാസം പ്രായമാണ് ഉണ്ടായിരുന്നത്. ഇസ്രഈലിന്റെ വ്യോമാക്രമണത്തിൽ നിന്ന് അതിജീവിച്ച കുഞ്ഞിനെയാണ് ഫലസ്തീനികൾ ദത്തെടുത്തത്.

ദത്തെടുക്കൽ നടപടിയിൽ കുഞ്ഞിന് ‘ജന്ന’ എന്ന് ദമ്പതികൾ പേര് നൽകി. പറുദീസ എന്നാണ് പേരിന്റെ അർത്ഥം. റിപ്പോർട്ടുകൾ അനുസരിച്ച്, യുദ്ധത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ നിരവധി ആളുകൾ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്.

എന്നാൽ സംഘർഷത്തെ തുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഗസയിൽ നിന്ന് പലായനം ചെയ്തത്. ഇസ്രഈലിന്റെ ആക്രമണങ്ങളിൽ നിരവധി ആളുകളെ കാണാതായിട്ടുമുണ്ട്.

ഇക്കാരണത്താൽ കുഞ്ഞുങ്ങളുടെ ദത്തെടുക്കൽ നടപടികളിൽ അധികാരികൾ നിയന്ത്രണം പാലിക്കുന്നുണ്ട്. ഒരുപക്ഷെ രക്ഷിതാക്കൾ കുഞ്ഞുങ്ങളെ അന്വേഷിച്ച് എത്തിയാൽ ദത്തെടുക്കൽ നടപടികൾക്ക് അത് തിരിച്ചടിയാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

നിലവിലെ കണക്കുകൾ പ്രകാരം ഇസ്രഈലിന്റെ ആക്രമണത്തിൽ 214 നവജാത ശിശുക്കൾ ഉൾപ്പെടെ 17,881 കുട്ടികൾ മരിച്ചിട്ടുണ്ട്. 17000ത്തോളം കുഞ്ഞുങ്ങൾക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്.

2023 മുതൽ ലോകത്തുടനീളമായി 22,557 കുട്ടികളാണ് ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായിരിക്കുന്നത്. കുട്ടികൾക്കെതിരായ ആക്രമണങ്ങളിൽ 32,990 നിയമലംഘനങ്ങളാണെന്ന് ഐക്യരാഷ്ട്ര സംഘടന രേഖപ്പെടുത്തിയിരിന്നു.

കണക്കുകൾ അനുസരിച്ച് ആഗോള ജനസംഖ്യയുടെ 30 ശതമാനം കുട്ടികളാണ്. എന്നാൽ യുദ്ധത്തെ തുടർന്ന് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന കുഞ്ഞുങ്ങൾ 40 ശതമാനമാണ്. 2023ന്റെ അവസാനത്തോടെ 47.2 ദശലക്ഷം കുട്ടികളാണ് സ്വന്തം രാജ്യങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ടത്.

ഇക്കാലയളവിലാണ് ഫലസ്തീനിൽ ഇസ്രഈൽ സർക്കാർ യുദ്ധം ആരംഭിച്ചത്. ഫലസ്തീന് പുറമെ ആഭ്യന്തര കലഹം, സംഘർഷം എന്നീ കാരണങ്ങളാൽ സുഡാൻ, മ്യാന്മാർ, ലെബനൻ, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കുട്ടികൾ കുടിയിറക്കപ്പെട്ടിട്ടുണ്ട്.

Content Highlight: Palestinians to adopt children who lost their parents during the war